കുടിയേറ്റ വിഷയത്തില്‍ അറബ് രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാമത്; വലിയ കുടിയേറ്റക്കാരില്‍ ഇന്ത്യ ഒന്നാമത്

ദമാം : രാജ്യാന്തര കുടിയേറ്റത്തില്‍ വന്‍തോതിലുള്ള ഇടിവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യക്കാര്‍ ലോകത്തെ ഏറ്റവും വലിയ കുടിയേറ്റക്കാരെന്ന് ഐക്യരാഷ്ട്രസഭ. കുടിയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ അറബ്-ഇസ്ലാമിക മേഖലയില്‍ സൗദി അറേബ്യ മുന്നിട്ട് നില്‍ക്കുന്നു. ലോകത്ത് മൂന്നാം സ്ഥാനത്താണ് സൗദി. ഐക്യരാഷ്ട സഭ പുറത്തിറക്കിയ ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2020 പ്രകാരമാണ് ഇത്. കോവിഡ് മഹാമാരിയുടെ കാലത്ത് കുടിയേറ്റത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായതാണ് റിപ്പോര്‍ട്ട് പറയുന്നത്. 2019നും 2020 ഇടയില്‍ ഏകദേശം രണ്ട് ദശലക്ഷം കുടിയേറ്റക്കാരുടെ കുറവുണ്ടായതായി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

രാജ്യാന്തര കുടിയേറ്റക്കാരില്‍ മൂന്നില്‍ രണ്ട് പേരും 20 രാജ്യങ്ങളില്‍ മാത്രമാണ് താമസിക്കുന്നത്. 51 ദശലക്ഷം രാജ്യാന്തര കുടിയേറ്റക്കാര്‍ക്ക് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയാണ് ഏറ്റവും വലിയ കൂടിയേറ്റ രാജ്യമായി തുടരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമേരിക്കയില്‍ മാത്രം ആഗോള മൊത്തം കണക്കിന്റെ 18% ത്തിന് തുല്യം കുടിയേറ്റക്കാരാണ് വസിക്കുന്നത്. 16 ദശലക്ഷം കുടിയേറ്റക്കാരുള്ള ജര്‍മനിയാണ് ഈ വിഭാഗത്തില്‍ രണ്ടാമത്തെ രാജ്യം. സൗദി അറേബ്യ മൂന്നാമത്തെ രാജ്യമായി നില നിലനില്‍ക്കുന്നു. സൗദിയില്‍ മാത്രം 13 ദശലക്ഷം കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തുടര്‍ന്ന് വരുന്ന രാജ്യങ്ങളായ, റഷ്യയില്‍ 12 ദശലക്ഷവും യുകെയില്‍ 9 ദശലക്ഷവും കുടിയേറ്റക്കാരാണ് അധിവസിക്കുന്നത്.

2020 അവസാനത്തോടെ മാതൃ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ ആകെ 281 ദശലക്ഷമായതായാണു കണക്കാക്കുന്നത്. 2000 ല്‍ ഇത് 173 ദശലക്ഷവും 2010 ല്‍ 221 ദശലക്ഷവുമായിരുന്നു. രാജ്യാന്തര കുടിയേറ്റക്കാര്‍ നിലവിലെ ലോക ജനസംഖ്യയുടെ 3.6 ശതമാനത്തെ പ്രതിനിധീകരിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ആകെ 18 ദശലക്ഷം ഇന്ത്യക്കാരാണ് തങ്ങളുടെ രാജ്യത്തിന് പുറത്ത് താമസിക്കുന്നത്. ഇത് കൊണ്ട് തന്നെ ലോകത്തെ ഏറ്റവും വലിയ കുടിയേറ്റക്കാരുള്ള രാജ്യം ഇന്ത്യയാണ്. 11 ദശലക്ഷം വീതം കുടിയേറ്റക്കാര്‍ ഉള്ള മെക്‌സിക്കയും റഷ്യയുമാണ് ഇന്ത്യയ്ക്ക് തൊട്ട് പിന്നില്‍ ഉള്ളത്.