Sunday, May 16, 2021
Home Gulf രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യ-യു.എ.ഇ ചര്‍ച്ച

രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യ-യു.എ.ഇ ചര്‍ച്ച

അബുദാബി: യു.എ.ഇയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച.

കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ മാറ്റങ്ങളും നടപടികളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും വിലയിരുത്തി. മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള വിഷയങ്ങളിലെ നിലപാടുകളും അറിയിച്ചു. യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കു നല്‍കുന്ന പരിഗണനയ്ക്ക് മന്ത്രി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ.അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ്, അബുദാബി എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ ഖലീഫ അല്‍ മുബാറക്, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്റൂഇ, ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പ്രവാസി ഇന്ത്യക്കാരുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയ മന്ത്രി കൊവിഡ് പ്രതിസന്ധിയില്‍ നിന്നു രാജ്യം കരകയറുന്നതായും അഭിപ്രായപ്പെട്ടു. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംഘടനാ വക്താക്കള്‍ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി മന്ത്രി സെയ്ഷെല്‍സിലേക്കു മടങ്ങി.

Most Popular