Monday, April 19, 2021
Home Gulf സ്വകാര്യ മേഖലയിലെ മാര്‍ക്കറ്റിങ്​ തസ്​തികകളിലെ സ്വദേശിവത്​കരണം നടപ്പാക്കാന്‍​ ധാരണപത്രം ഒപ്പുവെച്ചു

സ്വകാര്യ മേഖലയിലെ മാര്‍ക്കറ്റിങ്​ തസ്​തികകളിലെ സ്വദേശിവത്​കരണം നടപ്പാക്കാന്‍​ ധാരണപത്രം ഒപ്പുവെച്ചു

ജിദ്ദ: സൗദി സ്വകാര്യ മേഖലയിലെ മാര്‍ക്കറ്റിങ് തസ്തികകളിലെ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയവും മാനവ വിഭവശേഷി ഫണ്ടും (ഹദഫ്) മാര്‍ക്കറ്റിങ് അസോസിയേഷനും തമ്മില്‍ ധാരണപത്രം ഒപ്പുവെച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹിയുടെ സാന്നിധ്യത്തില്‍ ഹദഫ് ഡയറക്ടര്‍ ജനറല്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല, മാനവ വിഭവശേഷി എക്‌സിക്യൂട്ടിവ് സൂപ്പര്‍വൈസര്‍ അബ്ദുല്‍ അസീസ് ശംസാന്‍, മാര്‍ക്കറ്റിങ് അസോസിയേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ ഡോ. ഖാലിദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹി എന്നിവര്‍ തമ്മിലാണ് ധാരണയില്‍ ഒപ്പുവെച്ചത്. ധാരണപ്രകാരം മൂന്ന് വകുപ്പുകളും സ്വകാര്യ മേഖലയിലെ മാര്‍ക്കറ്റിങ് പ്രഫഷനലുകളെ സ്വദേശിവത്കരിക്കുന്നതിനായി പ്രവര്‍ത്തിക്കും.
ഇതിലൂടെ കഴിവുകള്‍ വികസിപ്പിക്കാനും തൊഴില്‍ വിപണിക്ക് ആവശ്യമായ അറിവും നൈപുണ്യവും നല്‍കാനും വിദേശികളായവര്‍ക്ക് പകരം സ്വദേശികളെ മാറ്റിനിയമിക്കാനും ശ്രമിക്കും.

മാര്‍ക്കറ്റിങ് തൊഴിലുകളുടെ നിലവിലെ സ്ഥിതി പഠിക്കാനും വിശകലനം ചെയ്യാനും പരിശീലന പരിപാടികള്‍ ആരംഭിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം നടപടി സ്വീകരിക്കും. പരിശീലന ഉള്ളടക്കം തയാറാക്കുക, മാര്‍ക്കറ്റുകളില്‍ ടാര്‍ഗറ്റ് ചെയ്ത ജോലികള്‍ നിര്‍ണയിക്കുക, മാര്‍ക്കറ്റിങ്ങിലുള്ളവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും രൂപവത്കരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുക, മാര്‍ക്കറ്റിങ് ജോലിക്കാരുടെ യോഗ്യത വികസിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലന പദ്ധതികള്‍ സൃഷ്ടിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നിവ മാര്‍ക്കറ്റിങ് അസോസിയേഷന് കീഴിലായിരിക്കും നടക്കുക. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും തൊഴില്‍ ഫോറങ്ങള്‍ സംഘടിപ്പിക്കുകയും പ്രോഗ്രാമുകള്‍ നല്‍കി സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സ്വകാര്യ മേഖലയെ പ്രാപ്തമാക്കുകയും പരിശീലന പരിപാടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുക മാനവ വിഭവശേഷി ഫണ്ടായിരിക്കും.

Most Popular