Thursday, May 6, 2021
Home Gulf ഗോ എയറും, ഇന്‍ഡിഗോയും ഒമാനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

ഗോ എയറും, ഇന്‍ഡിഗോയും ഒമാനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

 

മസ്‌കത്ത്: ബജറ്റ് വിമാനകമ്പനികളായ ഗോ എയറും ഇന്‍ഡിഗോയും ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച മുതലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ പുതുക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതുക്കിയ ധാരണപ്രകാരം നവംബര്‍ ഒമ്പത് തിങ്കളാഴ്ച മുതല്‍ ദേശീയ വിമാന കമ്പനികളായ ഒമാന്‍ എയറും സലാം എയറും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും മാത്രമാണ് സര്‍വീസുകള്‍ നടത്തുകയുള്ളൂ. ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ വിമാന കമ്പനികള്‍ക്കുള്ള അനുമതിയും പിന്‍വലിച്ചതായും അറിയുന്നു. നവംബര്‍ 30 വരെയാണ് ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ സര്‍വീസിന്റെ കാലാവധി.

ഇന്‍ഡിഗോ മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ഗോ എയര്‍ കൊച്ചിയിലേക്കും കണ്ണൂരിനുമാണ് നേരിട്ടുള്ള സര്‍വീസുകള്‍ നടത്തിയിരുന്നത്. നവംബര്‍ ഒമ്പത് മുതലുള്ള ദിവസങ്ങളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നവരെ സര്‍വീസ് റദ്ദാക്കിയ വിവരം വിമാന കമ്പനികള്‍ അറിയിച്ചുവരുകയാണ്. ഞായറാഴ്ചയുള്ള വിമാനത്തില്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് കാള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ സീറ്റ് ലഭ്യതക്കനുസരിച്ച് ടിക്കറ്റുകള്‍ മാറ്റി നല്‍കും. അല്ലാത്തവര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തുനല്‍കും. റീഫണ്ടിനായി വിമാന കമ്പനികളെയോ ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍ ഏജന്‍സികളെയോ സമീപിക്കണം.

റീഫണ്ട് തുക ലഭിക്കാന്‍ നാലു മുതല്‍ അഞ്ചുവരെ പ്രവര്‍ത്തി ദിവസങ്ങള്‍ എടുക്കുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സര്‍വീസ് റദ്ദാക്കിയത് കേരളത്തിലേക്കുള്ള യാത്രാ പ്രശ്‌നം രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നിരവധി പേരാണ് വരും ദിവസങ്ങളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുള്ളത്. നിലവില്‍ ഒമാന്‍ എയര്‍ കൊച്ചിയിലേക്കും സലാം എയര്‍ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണ് നേരിട്ട് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തുന്നത്. എയര്‍ ബബിള്‍ ധാരണപ്രകാരം ഓരോ വിമാനതാവളങ്ങളിലേക്കും രണ്ട് പ്രതിവാര സര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതിയുള്ളത്. അതിനാല്‍ യാത്രക്കാര്‍ വര്‍ധിക്കുന്ന പക്ഷം ടിക്കറ്റുകള്‍ ലഭിക്കാന്‍ പ്രയാസമാകും. സര്‍വീസ് റദ്ദാക്കിയത് കേരളത്തില്‍ നിന്ന് മസ്‌കത്തിലേക്കുള്ള യാത്രക്കാരെയും പ്രയാസത്തിലാക്കും. ഒമാനിലേക്ക് വരുന്നവര്‍ ഒരു മാസത്തെ കോവിഡ് ചികില്‍സക്കുള്ള ഇന്‍ഷൂറന്‍സ് എടുക്കേണ്ടതുണ്ട്. വിമാനത്തിന്റെ നമ്പര്‍ നല്‍കിയാണ് ഇന്‍ഷൂറന്‍സ് എടുക്കുന്നത്. വിമാനം റദ്ദാക്കിയ സ്ഥിതിക്ക് ഈ ഇന്‍ഷൂറന്‍സ് ഉപയോഗ ശൂന്യമാകാനാണ് സാധ്യത.

നവംബര്‍ 11 മുതല്‍ വരുന്ന യാത്രക്കാര്‍ ഒമാനിലെത്തുന്നതിന് 96 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധനക്ക് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതേണ്ടത് നിര്‍ബന്ധമാണ്. ഗോ എയര്‍, ഇന്‍ഡിഗോ വിമാനങ്ങളില്‍ 11ന് പുറപ്പെടാനിരിക്കുന്നവര്‍ പുതിയ ടിക്കറ്റ് ലഭിച്ച ശേഷം മാത്രം കോവിഡ് പരിശോധനക്ക് വിധേയമായാല്‍ മതി. സ്വകാര്യ കമ്പനികളുടെ സര്‍വീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഒമാന്‍ എയറും സലാം എയറും എയര്‍ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 40 റിയാലിനും 45 റിയാലിനുമൊക്കെ ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് 80 റിയാലിന് മുകളിലാണ് നിരക്ക്. ഉയര്‍ന്ന ടിക്കറ്റ് നിരക്കിനൊപ്പം കോവിഡ് പരിശോധനക്കുള്ള നിരക്കുകളുമൊക്കെ കൂടി ചേരുമ്പോള്‍ ഒമാനിലേക്കള വരുന്നവര്‍ക്ക് കൂടുതല്‍ ചെലവഴിക്കേണ്ട അവസ്ഥയാണ് വരുക. അതേസമയം യാത്രാ പ്രശ്‌നം രൂക്ഷമാകാനിടയുള്ളതിനാല്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകളും ട്രാവല്‍ ഏജന്‍സികളടക്കം തേടി തുടങ്ങുന്നുണ്ടെന്ന് അറിയുന്നു.

Most Popular