X
സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന് അര്‍ഹതയുണ്ടാവില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന് അര്‍ഹതയുണ്ടാവില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

personTF access_timeThursday January 14, 2021
HIGHLIGHTS
കോവിഡ് പരിശോധനയില്‍ പോസിറ്റിവ് ആയവര്‍ 90 ദിവസം കഴിഞ്ഞു മാത്രമേ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാവൂ എന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ : കോവിഡ് പരിശോധനയില്‍ പോസിറ്റിവ് ആയവര്‍ 90 ദിവസം കഴിഞ്ഞു മാത്രമേ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാവൂ എന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം .ഇന്‍സ്റ്റാഗ്രാം വഴി ഒരു ചോദ്യത്തിനുള്ള മറുപടിയായി വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ.സൊഹാ അല്‍ ബയാത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മാത്രമാണ് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്നത്.രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കില്ലെന്നും അവര്‍ പറഞ്ഞു.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമല്ല, എന്നാല്‍ ഉംറ തീര്‍ത്ഥാടനത്തിനായി സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഉള്‍പെടെ ഖത്തറില്‍ നിന്നും ചില പ്രത്യേക കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നിര്ബന്ധമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഫൈസര്‍-ബയോണ്‍ ടെക് വാക്‌സിനും മോഡേണാ വാക്‌സിനും തമ്മിലുള്ള വ്യത്യാസവും അവര്‍ വിശദീകരിച്ചു.
‘ഈ രണ്ട് കമ്പനികളുടെയും വാക്‌സിനുകള്‍ വാങ്ങുന്നതിന് ഖത്തര്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.എന്നാല്‍ നിലവില്‍ ഫൈസര്‍ വാക്‌സിനാണ് രാജ്യത്ത് നല്‍കുന്നത്.മോഡേണാ വാക്‌സിന്‍ ആഴ്ചകള്‍ക്കകം രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ രണ്ടു വാക്‌സിനുകളും തമ്മിലുള്ള പ്രധാന വ്യത്യാസം സംഭരണ സംവിധാനത്തിലും രണ്ടു ഡോസുകള്‍ക്കിടയിലെ സമയക്രമത്തിലും മാത്രമാണ്.ആദ്യ വാക്‌സിന്‍ സ്വീകരിച്ച് 21 ദിവസം കഴിഞ്ഞാണ് ഫൈസര്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നല്‍കുന്നത്.എന്നാല്‍ 28 ദിവസം കഴിഞ്ഞു മാത്രമേ മോഡേണാ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് കുത്തിവെക്കാന്‍ കഴിയൂ-‘ അവര്‍ പറഞ്ഞു. വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ഇതുവരെ, ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഡിസംബര്‍ 23 നാണ് ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യ ഡോസ് നല്‍കി തുടങ്ങിയത്.രണ്ടാമത്തെ ഡോസ് വിതരണം ബുധനാഴ്ച ആരംഭിച്ചിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory