Sunday, July 25, 2021
Home Gulf ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇൻഷുറൻസ് ഹെൽപ്പ് ഡെസ്‌ക് തുറക്കുന്നു; പ്രത്യേക നിർദേശവുമായി ദീപക് മിത്തൽ

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇൻഷുറൻസ് ഹെൽപ്പ് ഡെസ്‌ക് തുറക്കുന്നു; പ്രത്യേക നിർദേശവുമായി ദീപക് മിത്തൽ

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പ്രത്യേക നിർദേശവുമായി അംബാസഡർ ഡോ. ദീപക് മിത്തൽ. ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) നടത്തുന്ന പ്രവാസികൾക്കായുള്ള ഇൻഷൂറൻസ് പദ്ധതിയിൽ എല്ലാ ഇന്ത്യക്കാരും അംഗങ്ങളാവണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

ഇതിനകം നിരവധി പേർക്കാണ് ഇൻഷൂറൻസ് പദ്ധതിയുടെ ഗുണം ലഭിച്ചത്. ചെറിയ പ്രീമിയത്തിന് വൻതുകയാണ് ഇൻഷൂറസ് പരിരക്ഷ ലഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാർക്കായി ദമാൻ ഇസ്ലാമിക് ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ഐസിസിയിൽ സജ്ജമാക്കിയ ഹെൽപ്പ് ഡെസ്‌ക്കിന്റ ഉദ്ഘാടനം സൂം മീറ്റിംഗിലൂടെ ദീപക് മിത്തൽ നിർവഹിച്ചു.

ഖത്തറിൽ താമസിക്കുന്ന നിയമസാധുതയുള്ള ഖത്തർ താമസാനുമതി രേഖയുള്ള മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും പദ്ധതിയിൽ ചേരാം. പ്രായപരിധി 65 വയസാണ്.125 റിയാൽ ആണ് രണ്ട് വർഷത്തേക്കുള്ള പോളിസി തുക. പദ്ധതിയിൽ ചേരുന്ന പ്രവാസിയുടെ ഏത് കാരണത്താലുമുള്ള മരണം, പൂർണമായ ശാരീരികവൈകല്യം എന്നിവക്ക് 100,000 റിയാലാണ് കുടുംബത്തിന് ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കൽ ബോർഡ് നിശ്ചയിക്കുന്ന വൈകല്യശതമാനം അനുസരിച്ചും തുക നൽകും.

നിരവധി ഇന്ത്യൻ കമ്പനികൾ തങ്ങളുടെ ജീവനക്കാരെ പദ്ധതിയിൽ ചേർക്കുന്നതിനായി ക്യാമ്പയിൻ നടത്തുന്നുണ്ട്. വളരെ കുറഞ്ഞ ചെലവിൽ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന പദ്ധതിയാണിത്. മറ്റ് പോളിസി ഉള്ളവർക്കും ഐസിബിഎഫിന്റെ പദ്ധതിയിൽ ചേരാം. വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പോളിസിയാണ് ലഭിക്കുക. ഒറ്റത്തവണ 125 റിയാൽ അടച്ചാൽ മതിയാകും. പദ്ധതിയിൽ അംഗമാകുന്ന തീയതി മുതൽ 24 മാസത്തേക്കാണ് കാലാവധി. സ്വാഭാവിക മരണം, രോഗം, അപകടങ്ങൾ ഉൾപ്പെടെ ഏത് കാരണങ്ങൾ കൊണ്ടുള്ള മരണമായാലും അംഗത്തിന്റെ നോമിനിക്ക് നൂറ് ശതമാനം പോളിസി തുകയും ലഭിക്കും.

സ്ഥിരമായതും ഭാഗികമായുള്ളതുമായ അംഗവൈകല്യം (പെർമനന്റ് പാർഷ്യൽ ഡിസ്എബിൾമെന്റ്) സംഭവിച്ചാൽ വൈകല്യത്തിന്റെ ഗുരുതരാവസ്ഥ കണക്കാക്കി മൊത്തം പോളിസി തുകയുടെ നിശ്ചിത ശതമാനം തുകയും ലഭിക്കും. ഖത്തറിലെ താമസക്കാരനായ, പദ്ധതിയിൽ അംഗമായ ഒരാൾക്ക് ഖത്തറിനുള്ളിൽ മാത്രമല്ല ലോകത്ത് എവിടെവെച്ച് അപകടമോ മരണമോ സംഭവിച്ചാലും നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കും. പദ്ധതിയിൽ അംഗമാകാൻ വൈദ്യപരിശോധന ആവശ്യമില്ല. നിലവിൽ ഏതെങ്കിലും തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും പദ്ധതിയിൽ ചേരാം. രണ്ട് വർഷത്തിന് ശേഷം വീണ്ടും ഇതേ തുക നൽകി പോളിസി പുതുക്കാം.

കുറഞ്ഞ വരുമാനമുള്ള ജനവിഭാഗങ്ങൾക്ക് ഉപയോഗപ്രദമായ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുന്നതിലൂടെ കമ്മ്യൂണിറ്റി അംഗങ്ങളെ സഹായിക്കുന്നതിൽ ഐസിബിഎഫിന്റെയും ഐസിസിയുടെയും ചുവടുവെപ്പിന് അംബാസഡർ നന്ദി അറിയിച്ചു. ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന പത്തോളം തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയത്തെ പിന്തുണക്കുമെന്നും അംബാസഡർ ചടങ്ങിൽ പ്രഖ്യാപിച്ചു. ഫസ്റ്റ് സെക്രട്ടറിമാരായ എസ് സേവ്യർ ധനരാജ്, എസ്ആർഎച്ച് ഫഹ്മി എന്നിവരും ഓൺലൈൻ ചടങ്ങിൽ പങ്കെടുത്തു.

ഇൻഷൂറൻസ് പദ്ധതിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് ഐസിബിഎഫിന്റെയും ഐസിസിയുടെയും ഫേസ്ബുക്ക് പേജിലോ വെബ്‌സൈറ്റിലോ ലഭ്യമാകുന്ന ഫോം പൂരിപ്പിച്ച് പാസ്‌പോർട്ട്, ക്യുഐഡി പകർപ്പ് സഹിതം ഐസിസി ഹെൽപ്പ് ഡെസ്‌ക്കിൽ അപേക്ഷിക്കാമെന്ന് ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ പറഞ്ഞു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെയുമായിരിക്കും ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം.

Most Popular