
സൗദിയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് ഇപ്പോള്‍ ആരംഭിക്കില്ല
റിയാദ്: കോവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വീറ്റര്‍ പേജിലാണ് ഈ അറിയിപ്പുള്ളത്. മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
2021 ജനുവരി മുതല്‍ യാത്രാ നിരോധനം പൂര്‍ണമായും ഒഴിവാക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വിലക്ക് നീക്കുന്നതിന് 30 ദിവസം മുമ്പ് സമയപരിധി പ്രഖ്യാപിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
സൗദി പൗരന്മാര്ക്കും സൗദി വിസയുള്ള വിദേശികള്‍ക്കും രാജ്യത്തേക്ക് വരാനും പോകാനുമുള്ള വിലക്കാണ് നീക്കുക. അതിന്റെ തീയതി സംബന്ധിച്ച പ്രഖ്യാപനമാണ് ബുധനാഴ്ച ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമ്പത് മാസം മുമ്പാണ് വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിനിടയില്‍ സെപ്തംബര്‍ 15-ന് വിലക്ക് ഭാഗികമായി നീക്കം ചെയ്തുകൊണ്ടുള്ള തീരുമാനമുണ്ടായി. ഇതേ തുടര്‍ന്ന് കര, വ്യോമ, കടല്‍ മാര്‍ഗങ്ങള്‍ യാത്രക്കാര്‍ക്കായി തുറന്നിരുന്നു.