Wednesday, May 12, 2021
Home Gulf തൊഴിലാളികള്‍ക്കായി സമ്പൂര്‍ണ പാര്‍പ്പിടനഗരം സ്ഥാപിക്കാന്‍ ഒരുങ്ങി ജിദ്ദ

തൊഴിലാളികള്‍ക്കായി സമ്പൂര്‍ണ പാര്‍പ്പിടനഗരം സ്ഥാപിക്കാന്‍ ഒരുങ്ങി ജിദ്ദ

ജിദ്ദ: തൊഴിലാളികളുടെ താമസത്തിനായി ജിദ്ദയില്‍ സമ്പൂര്‍ണ പാര്‍പ്പിടനഗരം സ്ഥാപിക്കുന്നു. 2,50,000 ചതുരശ്ര മീറ്ററില്‍ 17,000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള പാര്‍പ്പിടസമുച്ചയം അബ്‌റക് റആമ ബലദിയ മേഖലയിലാണ് നിര്‍മിക്കുന്നത്. ക്ലിനിക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, കായികഗ്രൗണ്ടുകള്‍, എ.ടി.എം സൗകര്യം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പള്ളികള്‍, ഹോട്ടലുകള്‍, ക്വാറന്റീന്‍ റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. കെട്ടിടങ്ങള്‍ക്കാവശ്യമായ വൈദ്യുതി സോളാര്‍ സംവിധാനം വഴിയാണ് ലഭ്യമാക്കുന്നത്. സമുച്ചയത്തിലെ ഡ്രെയ്‌നേജ് സംവിധാനം പരിസ്ഥിതിക്കു ദോഷംവരുത്താത്ത രീതിയിലുള്ളതാണ്.

ഇതുമായി ബന്ധപ്പെട്ട ധാരണപത്രം മക്ക ഗവര്‍ണര്‍ക്കുവേണ്ടി ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് പങ്കെടുത്ത ചടങ്ങില്‍ ഒപ്പുവെച്ചു. ജിദ്ദ ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി അമീര്‍ സഊദ് ബിന്‍ അബ്ദുല്ല ബിന്‍ അല്‍ജലവി, ജിദ്ദ മേയര്‍ സ്വാലിഹ് ബിന്‍ അലി തുര്‍ക്കി, മേഖല ലേബേഴ്‌സ് ഹൗസിങ് സമിതി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജിദ്ദയിലെ ആദ്യത്തെ തൊഴിലാളി പാര്‍പ്പിടസമുച്ചയമായിരിക്കും ഇതെന്ന് ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് പറഞ്ഞു. ജിദ്ദ മുനിസിപ്പാലിറ്റിയും അറേബ്യന്‍ നമാറിക് കമ്പനിയും തമ്മിലാണ് നിര്‍മാണകരാര്‍ ഒപ്പുവെച്ചത്. മുനിസിപ്പാലിറ്റി, ആരോഗ്യം എന്നീ വകുപ്പുകളുടെ വ്യവസ്ഥകള്‍ പാലിച്ചായിരിക്കും സമുച്ചയം നിര്‍മിക്കുന്നത്.

Most Popular