Thursday, July 29, 2021
Home Gulf യു.എ.ഇ.യിൽ തൊഴിൽനഷ്ടത്തിന്റെ വ്യാപ്തി കുറയുന്നതായി റിപ്പോർട്ടുകൾ

യു.എ.ഇ.യിൽ തൊഴിൽനഷ്ടത്തിന്റെ വ്യാപ്തി കുറയുന്നതായി റിപ്പോർട്ടുകൾ

ദുബായ്: യു.എ.ഇ.യിൽ തൊഴിൽനഷ്ടത്തിന്റെ വ്യാപ്തി കുറയുന്നതായി റിപ്പോർട്ടുകൾ. കോവിഡ് ഭീതിപരത്തിയ മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്ത് തൊഴിൽ നഷ്ടം വ്യാപകമായിരുന്നു. സാമ്പത്തികനഷ്ടം കടുത്തതോടെ സ്ഥാപനങ്ങൾ പൂട്ടാനും ഉടമകൾ നിർബന്ധിതരാകുന്ന അവസ്ഥയിലേക്കെത്തിയിരുന്നു കാര്യങ്ങൾ.

എന്നാൽ അടുത്തിടെ നടന്ന ചില സർവേകൾ സൂചിപ്പിക്കുന്നത് തൊഴിൽ നഷ്ടപ്പെട്ടിരുന്ന ഘട്ടം മാറിയെന്നും സാമ്പത്തികഭദ്രതയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നുമാണ്. സെപ്തംബറിൽ കൂടുതൽ തൊഴിലവസരങ്ങൾ യു.എ.ഇ.യിൽ ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം. സന്ദർശക വിസയിലെത്തിയവർക്ക് തൊഴിൽ ലഭിച്ചുതുടങ്ങിയതും ആശ്വാസമാണ്. മാർക്കറ്റ് തിരിച്ചുവരുന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

ലോക്ക്ഡൗൺ കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ടവരും ഏറെപ്പേരും സന്ദർശകവിസ കാലാവധി കഴിഞ്ഞവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ യു.എ.ഇ.യിൽ തന്നെ താത്കാലികമായി തങ്ങിയവരിൽ ചിലർക്ക് സെപ്റ്റംബറിൽ തൊഴിൽ നേടാനായി.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ ബിസിനസ് ഏറെക്കുറെ മെച്ചപ്പെട്ടു. കോവിഡ് രോഗബാധയിൽ വർധന തന്നെയാണെങ്കിലും രാജ്യത്തെ കോവിഡ് നിയമങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നത് ബിസിനസ് മെച്ചപ്പെടാൻ സഹായകരമായി. തൊഴിൽപരസ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലും പത്രപ്പേജുകളിലും പഴയ പോലെ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു.

യു.എ.ഇ. ഭരണാധികാരികൾ കോവിഡ് പ്രതിസന്ധികളെല്ലാം മാറ്റിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഇസ്രയേൽ സഹകരണവും ശുഭകരമായ മാറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെ കൂടുതൽ പേർ സന്ദർശകവിസയിൽ എത്താൻ തുടങ്ങിയത് ശുഭസൂചനയാണ് നൽകുന്നത്. ട്രാവൽ ആൻഡ് ടൂറിസം രംഗവും മെച്ചപ്പെട്ട നിലയിലേക്ക് ഉയരുന്നുണ്ട്.

തിങ്കളാഴ്ച മുതൽ യു.എ.ഇ.യിൽ തൊഴിൽ വിസകൾ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലേക്കാണ് തൊഴിൽവിസ അനുവദിക്കുക. ഗാർഹിക തൊഴിലാളികൾക്ക് പ്രവേശനാനുമതിയും ഉണ്ടായിരിക്കും. അതേസമയം സാധുതയുള്ള യു.എ.ഇ. താമസവിസയുള്ളവർക്ക് ഇപ്പോൾ ഏത് രാജ്യത്തുനിന്നും മടങ്ങിയെത്താം.

Most Popular