Saturday, May 15, 2021
Home Gulf യുഎഇയിലെ പള്ളികളില്‍ ഡിസംബര്‍ 4 മുതല്‍ വെള്ളിയാഴ്ച പ്രാര്‍ഥന പുനരാരംഭിക്കുന്നു

യുഎഇയിലെ പള്ളികളില്‍ ഡിസംബര്‍ 4 മുതല്‍ വെള്ളിയാഴ്ച പ്രാര്‍ഥന പുനരാരംഭിക്കുന്നു

ദുബൈ :കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പള്ളികളില്‍ നിര്‍ത്തിവെച്ചിരുന്ന വെള്ളിയാഴ്ച്ച ജുമുഅ പ്രാര്‍ത്ഥന ഡിസംബര്‍ 4 മുതല്‍ യുഎഇയില്‍ പുനരാരംഭിക്കും. മറ്റു പ്രാര്‍ത്ഥനകള്‍ ജൂലൈ ഒന്ന് മുതല്‍ അനുവദിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ച പ്രാര്‍ത്ഥന ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളികളുടെ 30 ശതമാനം ഭാഗം മാത്രമേ ഉപയോഗപ്പെടുത്തൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. മതപ്രഭാഷണത്തിന് 30 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും പ്രാര്‍ത്ഥന കഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞ് അടയ്ക്കുകയും ചെയ്യും. പ്രഭാഷണവും പ്രാര്‍ത്ഥനയും 10 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കും.
അംഗശുദ്ധി വരുത്തുന്ന പള്ളി ഏരിയകളും വാഷ്റൂമും അടഞ്ഞു കിടക്കും. വിശ്വാസികള്‍ വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തണമെന്നും നിര്‍ദേശമുണ്ട്. മറ്റെല്ലാ പ്രാര്‍ത്ഥനകള്‍ക്കും, മഗ് രിബ് (സൂര്യാസ്തമയം) ഒഴികെ 15 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കും, പ്രാര്‍ത്ഥന കഴിഞ്ഞ് 10 മിനിറ്റിനു ശേഷം അടയ്ക്കും. വിശ്വാസികള്‍ നിര്‍ബന്ധമായും മാസ്‌കുകളും, സ്വന്തമായി പ്രാര്‍ത്ഥന പായകളും കൊണ്ടുവരണം. പ്രായമായവരും പ്രതിരോധശേഷി ദുര്‍ബലമായവരും പള്ളികളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Most Popular