Sunday, April 11, 2021
Home Gulf ഖത്തറിനെതിരായ ഉപരോധം പിന്‍വലിപ്പിക്കാനുള്ള കുവൈത്തിന്റെ ശ്രമം പരാജയം; ഉപരോധ രാജ്യങ്ങള്‍ കടുംപിടിത്തം തുടരുന്നു

ഖത്തറിനെതിരായ ഉപരോധം പിന്‍വലിപ്പിക്കാനുള്ള കുവൈത്തിന്റെ ശ്രമം പരാജയം; ഉപരോധ രാജ്യങ്ങള്‍ കടുംപിടിത്തം തുടരുന്നു

ദോഹ: ഖത്തറിനെതിരേ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിപ്പിക്കാന്‍ കുവൈത്ത് ഏറ്റവും ഒടുവില്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. കുവൈത്ത് വിദേശകാര്യ മന്ത്രി അഹമ്മദ് നാസര്‍ അല്‍ സബാഹ് ആണ് ഖത്തര്‍, സൗദി പ്രതിനിധികളുമായി സംസാരിച്ചത്. എന്നാല്‍, സൗദിയുടെ കടുംപിടിത്തം ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയതായാണ് സൂചന.

പ്രശ്‌ന പരിഹാര ശ്രമം പരാജയപ്പെട്ടതായി കുവൈത്ത് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മന്‍ ആല്‍ഥാനി, കുവൈത്തിലെ സൗദി അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ സഅദ് എന്നിവരുമായി കുവൈത്ത് മന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്.

പ്രാദേശികവുമായ സംഭവവികാസങ്ങള്‍, സുപ്രധാന സുരക്ഷാ-സാമ്പത്തിക വെല്ലുവിളികള്‍, അവയെ നേരിടാനുള്ള ശ്രമങ്ങള്‍ എന്നിവയെപ്പറ്റിയാണ് ചര്‍ച്ച നടന്നതെന്ന് കുവൈത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ അല്‍ ഖബാസ് ദിനപത്രത്തോട് പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കാനുള്ള കുവൈത്തിന്റെ ശ്രമം അവസാനിപ്പിക്കുകയില്ലെന്നും ഇനിയും ചര്‍ച്ച തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അഭിപ്രായവ്യത്യാസം നീണ്ടുനില്‍ക്കാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2017 ജൂണിലാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ചത്. ഖത്തര്‍ മുസ്ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കു പിന്തുണ നല്‍കുന്നു എന്ന് ആരോപിച്ചായിരുന്നു ഉപരോധം.

Most Popular