Friday, June 18, 2021
Home Gulf കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രി അന്തരിച്ചു

കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രി അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രിയായ ഷെയ്ഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് (72) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. മുന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മകനും നിലവിലെ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പിതൃസഹോദരനുമാണ്.

മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഷെയ്ഖ് നാസര്‍ പലതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി സേവനം ചെയ്തിട്ടുള്ള ഷെയ്ഖ് നാസര്‍ രാജ്യത്തിന്റെ വികസന, സാംസ്‌കാരിക, വ്യാപാര മേഖലയുടെ വളര്‍ച്ചക്കായി ഒട്ടേറെ സംഭാവന നല്‍കിയ വ്യക്തിത്വമാണ്. ആസൂത്രണ-വികസന ഉന്നതാധികാര സമിതി മേധാവി, ആധുനിക കുവൈത്തിന്റെ അടയാളമായി മാറാനിരിക്കുന്ന സില്‍ക്ക് സിറ്റി- ബുബ്യാന്‍ ദ്വീപ് നിര്‍മാണ പദ്ധതി മേധാവി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ട ദാര്‍ അല്‍ അത്താര്‍ അല്‍ ഇസ്ലാമിയയുടെ സ്ഥാപകനായ ഷെയ്ഖ് നാസര്‍ ന്യൂയോര്‍ക്കിലെ മെട്രോപോളിറ്റന്‍ മ്യൂസിയം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഓണററി അംഗമാണ്. കുവൈത്ത് പൊതു നിധി സംരക്ഷണ അസോസിയേഷന്‍ സ്ഥാപകന്‍ കൂടിയാണ്.

Most Popular