Saturday, September 25, 2021
Home Gulf Kuwait കുവൈത്ത് മുന്‍പ്രധാന മന്ത്രിയുടെ മകന്‍ കള്ളപ്പണം ഉപയോഗിച്ച് മലേഷ്യയില്‍ വാങ്ങാന്‍ ശ്രമിച്ചത് കുവൈത്ത് നഗരത്തോളം വലുപ്പമുള്ള...

കുവൈത്ത് മുന്‍പ്രധാന മന്ത്രിയുടെ മകന്‍ കള്ളപ്പണം ഉപയോഗിച്ച് മലേഷ്യയില്‍ വാങ്ങാന്‍ ശ്രമിച്ചത് കുവൈത്ത് നഗരത്തോളം വലുപ്പമുള്ള ഭൂമി

ദോഹ: കള്ളപ്പണം വെളുപ്പിക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കേസുകളില്‍ അറസ്റ്റിലായ കുവൈത്ത് മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ ശെയ്ഖ് സബാഹ് ജാബിര്‍ അല്‍ മുബാറക് സബാഹിന്റെ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പൊതുഖജനാവില്‍ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് മലേഷ്യയില്‍ കുവൈത്ത് നഗരത്തിന്റെ വലുപ്പമുള്ള ഭൂമി വാങ്ങാന്‍ ശ്രമിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. 200 ദശലക്ഷം ദീനാറിന് ഭൂമി സ്വന്തമാക്കി അവിടേക്ക് മലേഷ്യയില്‍ നിന്നും കുവൈത്തില്‍ നിന്നുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു.

ശെയ്ഖ് സബാഹും വ്യാപാര പങ്കാളിയായ ഹമദ് അല്‍ വസ്സാനും ജൂലൈ 8ന് ആണ് അറസ്റ്റിലായത്. പണം മലേഷ്യയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെങ്കിലും മലേഷ്യയില്‍ അധികാര മാറ്റം വന്നതോടെ ഇത് മരവിപ്പിക്കുകയായിരുന്നു. മഹാതീര്‍ മുഹമ്മദിന്റെ പാര്‍ട്ടി അധികാരമേല്‍ക്കുകയും മലേഷ്യന്‍ സോവറിന്‍ ഫണ്ട് കേസില്‍(1എംബിഡി കേസ്) മുന്‍ പ്രധാനമന്ത്രി നാജിബ് അബ്ദുല്‍ റസാഖ് അറസ്റ്റിലാവുകയും ചെയ്തതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.

ഇത്രയധികം തുക മലേഷ്യയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടും ബന്ധപ്പെട്ട ബാങ്ക് ഇത് റിപോര്‍ട്ട് ചെയ്തില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. 1എംബിഡി കേസുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധനാ വിധേയമാക്കിയതിനെ തുടര്‍ന്നാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

ആരും രാജ്യത്തിന്റെ നിയമത്തിന്റെ മുകളിലല്ലെന്നും കുവൈത്തിന്റെ അന്താരാഷ്ട്ര പ്രതിഛായ ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുകയാണെന്നും അധികൃതരെ ഉദ്ധരിച്ച് അല്‍ ഖബാസ് പത്രം റിപോര്‍ട്ട് ചെയ്തു. ശെയ്ഖ സബാഹിനെതിരേ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

1എംബിഡി കേസിലെ കുവൈത്ത് ബന്ധം
1എംബിഡി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ കുറ്റം ചുമത്തപ്പെട്ട മൂന്ന് കുവൈത്തി കമ്പനികളുടെ ഫയലുകല്‍ കഴിഞ്ഞ മാസമാണ് പബ്ലിക് പ്രോസിക്യൂഷന് ലഭിച്ചത്. കുവൈത്തിലെ കമ്പനികള്‍ക്ക് തട്ടിപ്പില്‍ പെട്ട ഒരു ചൈനീസ് കമ്പനിയുമായും മലേഷ്യന്‍ സര്‍ക്കാരുമായും ബന്ധമുണ്ടെന്ന് മെയ് മാസത്തില്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

മലേഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ ഫണ്ടായ 1മലേഷ്യന്‍ ഡവലപ്‌മെന്റ് ബെര്‍ഹാദ്(1എംബിഡി)ല്‍ നിന്ന് മുന്‍ പ്രധാനമന്ത്രി നാജിബ് റസാഖ് വന്‍തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായ ആരോപണത്തെ തുടര്‍ന്ന് 2015ലാണ് കേസ് ആരംഭിക്കുന്നത്. മലേഷ്യന്‍ ധനകാര്യ വിദഗ്ധനായ ജോ ലോ ആണ് ഇതില്‍ പ്രധാന പ്രതി.

ശെയ്ഖ് സബാഹ് ജോ ലോയുമായുള്ള ബന്ധം ഉപയോഗിച്ചാണ് കള്ളപ്പണ ഇടപാടുകള്‍ നടത്തിയതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു.

1MBD scandal: Kuwait ex-premier’s son sought to buy Malaysian land the size of Kuwait City

Most Popular