Monday, July 26, 2021
Home Gulf Kuwait മന്ത്രിസഭയില്‍ ശുപാര്‍ശ സമര്‍പ്പിച്ചു; കുവൈത്തില്‍ അഞ്ച് ലക്ഷത്തിലേറെ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും

മന്ത്രിസഭയില്‍ ശുപാര്‍ശ സമര്‍പ്പിച്ചു; കുവൈത്തില്‍ അഞ്ച് ലക്ഷത്തിലേറെ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും

കുവൈത്ത് സിറ്റി: തൊഴില്‍ വിപണിയിലെ അസന്തുലിതത്വം ക്രമീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശുപാര്‍ശ നടപ്പായാല്‍ അഞ്ച് ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കുവൈത്തി പത്രമായ അല്‍ഖബസ് റിപോര്‍ട്ട് ചെയ്തു.

സാമ്പത്തികകാര്യ സഹമന്ത്രി മറിയം അല്‍ അഖീല്‍ കുവൈത്ത് പാര്‍ലമെന്റില്‍ ഇത് സംബന്ധമായ പദ്ധതി സമര്‍പ്പിച്ചു. തൊഴില്‍ വിപണിയിലെ അസന്തുലിതത്വവും അത് ജനസംഖ്യയിലുണ്ടാക്കുന്ന ആഘാതവും പരിഹരിക്കുന്നതിന് ഹ്രസ്വകാലം, ഇടക്കാലം, ദീര്‍ഘകാലം എന്നിങ്ങനെ തരംതിരിച്ചുള്ള പദ്ധതികളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ഹ്രസ്വകാല ലക്ഷ്യത്തില്‍ 120,000 നിയമവിരുദ്ധ തൊഴിലാളികള്‍ ഉള്‍പ്പെടെ 360,000 പ്രവാസികളെ പിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്. 90,000 അവിദഗ്ധ തൊഴിലാളികളും 60 വയസ്സിനു മുകളിലുള്ളതോ മാരക രോഗമുള്ളതോ ആയ 1,50,000 തൊഴിലാളികളും പിരിച്ചുവിടുന്നതില്‍ ഉള്‍പ്പെടും.

പൊതു, സ്വകാര്യ മേഖലകളില്‍ ഘട്ടംഘട്ടമായി 1,60,000 പ്രവാസികള്‍ക്ക് പകരമായി കുവൈത്തികള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഈ രണ്ടു ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നതോടെ ആകെ 5,30,000 പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് അല്‍ ഖബസ് റിപോര്‍ട്ടില്‍ പറയുന്നത്. അതേസമയം, പദ്ധതി നടപ്പാക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചിട്ടില്ല.

പദ്ധതി കൗണ്‍സിലിന് സമര്‍പ്പിക്കുന്നതിന് മുമ്പ് ഇത് നടപ്പാക്കുന്നതിന്റെ സമയക്രമം തീരുമാനിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാഷനല്‍ അസംബ്ലി ഹ്യൂമന്‍ റിസോഴസ് കമ്മിറ്റി മേധാവി ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു.

കുവൈത്ത് ജനസംഖ്യയില്‍ സ്വദേശികള്‍ 1.33 ദശലക്ഷവും പ്രവാസികള്‍ 3.08 ദശലക്ഷവുമാണ്. കൊറോണ വൈറസ് പ്രതിസന്ധിയും എണ്ണവിലയിടിവും കാരണം കുവൈത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒന്നാം ഗള്‍ഫ് യുദ്ധത്തിനോടു സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ് കുവൈത്തിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രവാസികളുടെ എണ്ണം കുറച്ച് കൂടുതല്‍ കുവൈത്തികള്‍ക്ക് ജോലി നല്‍കണമെന്ന നിര്‍ദേശമാണ് ഉയരുന്നത്.

530,000 expats could face expulsion from Kuwait

Most Popular