Saturday, June 19, 2021
Home Gulf Kuwait കോവിഡ് പ്രതിരോധ കുത്തിവെപ്പ്: കുവൈത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി

കോവിഡ് പ്രതിരോധ കുത്തിവെപ്പ്: കുവൈത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനായി സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും കുവൈത്ത് സര്‍ക്കാര്‍ അനുമതി നല്‍കി. പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരുക്കിയ ഓട്ടോമാറ്റഡ് സംവിധാനം വഴി എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിന് ശേഷം മാത്രമേ കുത്തിവെപ്പിന് അനുമതി നല്‍കുകയുള്ളൂ. കുത്തിവെപ്പ് കേന്ദ്രങ്ങള്‍ പ്രത്യേക കെട്ടിടത്തില്‍ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. ചികില്‍സാ സ്ഥാപനത്തിലെ മറ്റ് ഏതെങ്കിലും യൂണിറ്റുമായി ഇത് കൂടിക്കലരാന്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതിനായി ആരോഗ്യ മന്ത്രാലയം നല്‍കുന്ന പ്രത്യേക ലൈസന്‍സുകളും നേടിയിരിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

അതേസമയം ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ അനുവദിക്കുക. വാക്‌സിനുകള്‍ നിര്‍മാണ കമ്പനിയില്‍ നിന്നോ പ്രാദേശിക ഏജന്റുമാരില്‍ നിന്നോ നേരിട്ട് വാങ്ങാവുന്നതാണ്. കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Most Popular