Saturday, June 19, 2021
Home Gulf Kuwait കു​വൈ​ത്തി​ല്‍ വാ​ക്​​സി​ന്‍ വി​ത​ര​ണം തുടങ്ങി; ആ​ദ്യ കുത്തിവെപ്പെടുത്ത് പ്ര​ധാ​ന​മ​ന്ത്രി

കു​വൈ​ത്തി​ല്‍ വാ​ക്​​സി​ന്‍ വി​ത​ര​ണം തുടങ്ങി; ആ​ദ്യ കുത്തിവെപ്പെടുത്ത് പ്ര​ധാ​ന​മ​ന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. മിഷ്‌രിഫ് ഇന്റര്‍നാഷനല്‍ ഫെയര്‍ ഗ്രൗണ്ടില്‍ ദേശീയ കോവിഡ് വാക്‌സിന്‍ കാമ്പയിന്‍ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന് കുത്തിവെപ്പെടുത്ത് ഉദ്ഘാടനം ചെയ്തു. ഫൈസര്‍, ബയോണ്‍ടെക് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും അന്താരാഷ്ട്ര ഏജന്‍സികളുടെ അംഗീകാരം നേടിയതുമാണെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു.

ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം രാജ്യനിവാസികളോട് ആഹ്വാനം ചെയ്തു. ഉപപ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ്, ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് ഹിലാല്‍ അല്‍സായര്‍ തുടങ്ങിയവരും കുത്തിവെപ്പെടുത്തു. 1,50,000 ഡോസ് വാക്‌സിനാണ് ബുധനാഴ്ച കുവൈത്തിലെത്തിയത്. ഒരാള്‍ക്ക് രണ്ട് ഡോസ് എന്ന നിലയില്‍ 75,000 പേര്‍ക്ക് ഇത് തികയും. മിഷ്‌രിഫ് ഫെയര്‍ ഗ്രൗണ്ടില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് ആരോഗ്യ മന്ത്രാലയം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

400ലേറെ ആരോഗ്യ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സജ്ജമാക്കിയിട്ടുണ്ട്. മിഷ്‌രിഫ് ഇന്റര്‍നാഷനല്‍ ഫെയര്‍ ഗ്രൗണ്ടിലെ ഹാള്‍ നമ്ബര്‍ അഞ്ചിലാണ് വിതരണത്തിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അഹ്മദി, ജഹ്‌റ എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ട്. വാക്‌സിനേഷന്‍ കാമ്ബയിന്‍ ഒരുവര്‍ഷം നീളും. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് മുന്‍ഗണന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ അപ്പോയിന്റ്‌മെന്റ് നല്‍കും.

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട ലിങ്ക് തുറന്ന് വിദേശികള്‍ക്കും രജിസ്‌ട്രേഷന്‍ നടത്താം. വിദേശികള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും. പേര്, ഫോണ്‍ നമ്ബര്‍, പാസ്‌പോര്‍ട്ട് നമ്ബര്‍, സിവില്‍ ഐഡി നമ്ബര്‍, സിവില്‍ ഐഡി സീരിയല്‍ നമ്ബര്‍ എന്നിവ നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതിന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കും. പിന്നീട് അപ്പോയന്റ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍ സന്ദേശമായി വരും. അപ്പോയന്റ്‌മെന്റ് സമയത്ത് നിശ്ചിത കേന്ദ്രത്തില്‍ വാക്‌സിനേഷന് എത്തണം.

Most Popular