Friday, June 25, 2021
Home Gulf Kuwait കുവൈത്ത്​ വിമാനത്താവളത്തിൽ യാത്രക്കാർക്ക്​ കാബിൻ ബാഗേജ്​ അനുവദിക്കാന്‍ തീരുമാനം

കുവൈത്ത്​ വിമാനത്താവളത്തിൽ യാത്രക്കാർക്ക്​ കാബിൻ ബാഗേജ്​ അനുവദിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: ഇനി മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗേജ് അനുവദിക്കും. കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ കൊമേഴ്‌സ്യല്‍ വിമാന സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും അത്യാവശ്യ മരുന്നുകളും വ്യക്തിഗത സാധനങ്ങളും അടങ്ങിയ ചെറിയ ബാഗ് മാത്രമായിരുന്നു കാബിനകത്ത് അനുവദിച്ചിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏഴു കിലോ ഹാന്‍ഡ് ലഗേജ് അനുവദിക്കാന്‍ വ്യോമയാന വകുപ്പ് തീരുമാനിച്ചു.

പി.സി.ആര്‍ പരിശോധന നിര്‍ബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, കുവൈത്തില്‍നിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാര്‍ www.kuwaitmosafer.com എന്ന ലിങ്കില്‍ രജിസ്റ്റര്‍ചെയ്യല്‍ നിര്‍ബന്ധമാണ്, വിമാന ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്ത് മൊബൈലില്‍ ഡിജിറ്റലായി സൂക്ഷിക്കണം തുടങ്ങിയ നിബന്ധനകള്‍ നിലനില്‍ക്കും. വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം എന്നാല്‍ പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സഹായത്തിന് ആളുവേണ്ടവര്‍ക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. 30 ശതമാനം ശേഷിയിലാണ് വിമാനത്താവളം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം 100 വിമാന സര്‍വീസുകളാണ് പരമാവധി ഉണ്ടാവുക. ജനുവരി 31 വരെയെങ്കിലും ഈ നില തുടരും.

Most Popular