Sunday, September 26, 2021
Home Gulf Kuwait ഇന്ത്യയുള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്ന്​ കുവൈത്തിലേക്ക് നേരിട്ട്​ വിമാനം പ്രഖ്യാപനം വൈകാതെയെന്ന് സൂചന

ഇന്ത്യയുള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്ന്​ കുവൈത്തിലേക്ക് നേരിട്ട്​ വിമാനം പ്രഖ്യാപനം വൈകാതെയെന്ന് സൂചന

കുവൈത്ത് സിറ്റി: ഇന്ത്യയുള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നു സൂചന. ഏഴുദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി വിലക്കുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിര്‍ദേശത്തിന് ആരോഗ്യമന്ത്രാലയം തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയാമെന്ന വ്യവസ്ഥയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കണമെന്ന നിര്‍ദേശത്തോടാണ് ആരോഗ്യമന്ത്രലയം അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഏഴുദിവസത്തിനു ശേഷം പി.സി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റിവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം.

പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ വീണ്ടും ഏഴു ദിവസം കൂടി ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും. ക്വാറന്റീന്‍, പി.സി.ആര്‍ പരിശോധന എന്നിവയുടെ ചെലവ് യാത്രക്കാരന്‍ വഹിക്കേണ്ടി വരും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം സമ്മതിച്ചതായി ഡി.ജി.സി.എ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക അംഗീകാരത്തിന് കാത്തിരിക്കുകയാണ് വ്യോമയാന വകുപ്പ്. ഇന്ത്യയുള്‍പ്പെടെ കോവിഡ് വ്യാപനം കൂടുതലുള്ള 34 രാജ്യങ്ങളില്‍നിന്ന് നേരിട്ട് വരുന്നവര്‍ക്കാണ് നിലവില്‍ പ്രവേശന വിലക്കുള്ളത്. എന്നാല്‍ ഇത് മറികടക്കാന്‍ യു.എ.ഇയിലും തുര്‍ക്കിയിലും മറ്റും 14 ദിവസം താമസിച്ച ശേഷം പ്രവാസികള്‍ എത്തുന്നുണ്ട്.

Most Popular