News Flash
X
കോവിഡ്: കുവൈത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി മരിച്ചു

കോവിഡ്: കുവൈത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി മരിച്ചു

personmtp rafeek access_timeSunday May 17, 2020
HIGHLIGHTS
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചു.

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 112 ആയി. കോഴിക്കോട് എലത്തൂര്‍ വെങ്ങളം തെക്കേ ചെരങ്ങോട്ട് അബ്ദുല്‍ അഷ്‌റഫ് (55), പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’യില്‍ വിജയ ഗോപാല്‍ (65) എന്നിവരാണ് മരിച്ചത്.

മുബാറക് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു വിജയ ഗോപാല്‍. സ്വകാര്യ കമ്പനിയിലെ ജോലിയില്‍നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകാനിരിക്കെ വിമാന സര്‍വീസ് ഇല്ലാത്തത് കാരണം യാത്ര മുടങ്ങുകയായിരുന്നു. മക്കള്‍:ഡോ. അജയന്‍ (ഗവ.ആശുപത്രി,കുത്തനൂര്‍), സഞ്ജയന്‍ (ന്യൂസിലന്‍ഡ്).

അമീരി ആശുപത്രിയില്‍ വെച്ചായിരുന്നു അഷ്‌റഫിന്റെ അന്ത്യം. രണ്ടാഴ്ചയോളമായി അമീരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുവൈത്തിലെ നുസ്ഹ ജം ഇയ്യയില്‍ ജോലിചെയ്തുവരികയായിരുന്നു. ദീര്‍ഘ കാലമായി കുവൈത്ത് കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനും നിലവില്‍ കോഴിക്കോട് ജില്ലാ കൗണ്‍സിലറുമായിരുന്നു.
പരേതനായ അഹമ്മദ് – ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: താഹിറ, മകന്‍: ജുനൈദ്, സഹോദരങ്ങള്‍: ഷൗക്കത്തലി, ഫിറോസ് ഖാന്‍, ഷാഹിദ, നൂര്‍ജഹാന്‍, ഫരീദ.

ഇന്ന് 1048 പേര്‍ക്കു കൂടി രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 14,850 ആയി. പുതിയ രോഗികളില്‍ 242 പേരാണ് ഇന്ത്യക്കാര്‍. ഇതോടെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4,803 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 319 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 288 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 196 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 142 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 103പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

250 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സുഖപ്പെട്ടത്. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 4093 ആയി.

five more covid death in kuwait including two malayalees


 

SHARE :
folder_openTags
content_copyCategory