Sunday, June 20, 2021
Home Gulf Kuwait രാജ്യാന്തര വിമാനങ്ങള്‍ക്ക് വിലക്ക്; പാതിവഴിയില്‍ കുടുങ്ങി നിരവധി മലയാളികള്‍; നിരോധനം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ ആശങ്ക

രാജ്യാന്തര വിമാനങ്ങള്‍ക്ക് വിലക്ക്; പാതിവഴിയില്‍ കുടുങ്ങി നിരവധി മലയാളികള്‍; നിരോധനം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ ആശങ്ക

റിയാദ്: ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രാജ്യാന്തര സര്‍വീസുകള്‍ അപ്രതീക്ഷിതമായി വീണ്ടും റദ്ദാക്കിയതോടെ സൗദിയിലേക്ക് പുറപ്പെട്ട പല പ്രവാസികളും പാതി വഴിയിലായി. മാര്‍ച്ചില്‍ നിര്‍ത്തിവച്ച സാധാരണ സര്‍വീസുകള്‍ ജനുവരിയില്‍ തുടങ്ങാനിരിക്കെയാണ് വീണ്ടും യാത്രാവിലക്ക്.

ഇന്ത്യയില്‍ നിന്നുള്ള യാത്ര വൈകാതെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ അടുത്ത കാലത്ത് നാട്ടിലേക്ക് തിരിച്ചവരും പുതിയ യാത്രാവിലക്കില്‍ ആശങ്കയിലാണ്. ഈ ആഴ്ചയിലും മറ്റും മടങ്ങാനിരുന്നവരുടെ യാത്രയും മുടങ്ങിയിരിക്കുകയാണ്. ഒരാഴ്ചത്തേക്കാണ് വിലക്കെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനകളില്‍ പറയുന്നെണ്ടെങ്കിലും അത് നീട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നവര്‍ അധികച്ചെലവുകള്‍ വഹിച്ച് യുഎഇ വഴിയാണ് തിരിച്ചെത്തിയിരുന്നത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്ക് സൗദിയില്‍ പ്രവേശനം അനുവദിക്കാത്തതിനാല്‍ യുഎഇ യില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് തിരിച്ചെത്തുന്നത്. ഇത്തരത്തില്‍ യുഎഇയില്‍ കഴിയുന്ന പലരും, യാത്ര റദ്ദാക്കിയതോടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ പാതി വഴിയിലായിരിക്കുകയാണ്. 14 ദിവസത്തെ ക്വാറന്റീന്‍ അവധി തീര്‍ന്ന് പുറപ്പെടാനിരിക്കുന്ന ദിവസം യാത്ര റദ്ദാക്കപ്പെട്ടതിനാല്‍ വലഞ്ഞവരും കൂട്ടത്തിലുണ്ട്. ഫാമിലി വീസയില്‍ സൗദിയിലേക്ക് വരുന്ന കുടുംബിനികളും ഇങ്ങനെ ഒറ്റപ്പെട്ട നിലയില്‍ യുഎഇയില്‍ കുടുങ്ങി.

അടിയന്തരമായി തിരിച്ച് കമ്പനികളില്‍ ജോലിക്ക് ഹാജരാകേണ്ടവരും ജീവനക്കാരെ മാത്രം ഏല്‍പിച്ച് കുറഞ്ഞ അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാമെന്നു കരുതി പോയി ഒടുക്കം ഏഴുമാസത്തിലധികം കുടുങ്ങിയ ഇടത്തരം ചെറുകിട സംരംഭകരും ഇങ്ങനെ യുഎഇ വഴി തിരിച്ച് വരുന്നവരുടെ കൂട്ടത്തിലുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ നല്‍കിയ നിശ്ചിത ദിവസത്തെ പാക്കേജ് കഴിയുമ്പോള്‍ താമസവും ഭക്ഷണവും ഉള്‍പ്പെടെ പ്രയാസത്തിലാകും.

ഐസിഎഫ്, കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി മുഴുവന്‍ എമിറേറ്റ്‌സുകളിലും ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അടങ്ങിയ മെസേജുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് സ്ത്രീകളുള്‍പ്പെടെ തുണയില്ലാതെ തങ്ങുന്ന പലര്‍ക്കും ഏറെ ഉപകാരപ്രദമാകും. സൗദിയിലേക്കും കുവൈത്തിലേക്കുമാണ് ഇങ്ങനെ പ്രവാസികള്‍ യുഎയിലെ നിര്‍ബന്ധിത ക്വാറന്റീന്‍ വാസത്തിന് വിധേയമായതിന് ശേഷം ജോലിയിടങ്ങളിലേക്ക് മടങ്ങുന്നത്. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ഏക ആശ്രയമായിരുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളും റദ്ദ് ചെയ്തതായാണ് എയര്‍ ഇന്ത്യ ഓഫീസ് അറിയിച്ചത്.

Most Popular