Wednesday, May 12, 2021
Home Gulf Kuwait കുവൈത്തില്‍ ഇ​ര​ട്ട പൗ​ര​ത്വം ക​ണ്ടു​പി​ടി​ക്കാ​ന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന ക്യാമ്പയിന്‍

കുവൈത്തില്‍ ഇ​ര​ട്ട പൗ​ര​ത്വം ക​ണ്ടു​പി​ടി​ക്കാ​ന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന ക്യാമ്പയിന്‍

കുവൈത്ത് സിറ്റി: ഇരട്ട പൗരത്വം കണ്ടുപിടിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിശോധന ക്യാമ്പയിന്‍ ആരംഭിച്ചു. മറ്റൊരു രാജ്യത്തിന്റെ പൗരത്വം സൂക്ഷിക്കുമ്പോള്‍ തന്നെ കുവൈത്ത് പൗരത്വവും സംരക്ഷിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയുന്നതിനാണ് മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത്. അയല്‍രാജ്യങ്ങളില്‍ താമസിക്കുന്ന ഇത്തരം ആളുകള്‍ വര്‍ഷത്തില്‍ കുറച്ചുദിവസം മാത്രം ഇവിടെ തങ്ങി പൗരന്മാര്‍ക്ക് കുവൈത്ത് നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം പറ്റുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണം. വ്യാജരേഖകള്‍ സമര്‍പ്പിച്ച് പൗരത്വം സമ്പാദിച്ചവരെ പിടികൂടാന്‍ പരിശോധന ശക്തമാക്കുമെന്നാണ് മന്ത്രാലയം നല്‍കുന്ന സൂചന.

‘പോയി വരുന്നവരുടെ’ യാത്രാരേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ കുവൈത്തില്‍ അധികകാലം താമസിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന് വ്യക്തമായിട്ടുണ്ട്. കുഞ്ഞായിരിക്കുമ്‌ബോള്‍ രാജ്യം വിട്ട പലരും മുതിര്‍ന്നശേഷം ഇവിടെയെത്തി സിവില്‍ സര്‍വിസ് കമീഷനില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും കണ്ടെത്തി.

കുവൈത്തില്‍ നിയമം ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. കര അതിര്‍ത്തി, വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ളവരാണ് കുവൈത്തിന്റെകൂടി പൗരത്വം കൈവശം വെച്ചിട്ടുള്ളത്. നേരത്തേ നിരവധി പേരുടെ പൗരത്വം ഇത്തരത്തില്‍ റദ്ദാക്കിയിട്ടുണ്ട്. ഇനിയും ആയിരങ്ങള്‍ ഇരട്ട പൗരത്വവുമായി രാജ്യത്ത് കഴിയുന്നതായാണ് വിലയിരുത്തല്‍.

Most Popular