Friday, July 23, 2021
Home Gulf Kuwait കോവിഡ് വാക്‌സിന്‍ എടുക്കാത്ത വീട്ടുജോലിക്കാര്‍ക്കും കുവൈത്തില്‍ പ്രവേശനം

കോവിഡ് വാക്‌സിന്‍ എടുക്കാത്ത വീട്ടുജോലിക്കാര്‍ക്കും കുവൈത്തില്‍ പ്രവേശനം

കുവൈത്ത് സിറ്റി: ആഗസ്ത് 1 മുതല്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുവൈത്തില്‍ പ്രവേശിക്കാം. എന്നാല്‍,അവര്‍ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. ആഗസ്ത് 1 മുതല്‍ പ്രവാസികള്‍ള്‍ക്ക് മടങ്ങി വരാന്‍ കുവൈത്ത് അനുമതി നല്‍കിയിരുന്നു. മാസങ്ങള്‍ നീണ്ട നിരോധനത്തിന് ശേഷമാണ് അനുമതി.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സാധുതയുള്ള ഇഖാമയുള്ളവര്‍ക്കും മാത്രമാകും പ്രവേശനം. എന്നാല്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇതില്‍ ഇളവു നല്‍കി. വാക്‌സിന്‍ കുത്തിവയ്പ് നടത്തിയിട്ടില്ലാത്ത ഗാര്‍ഹിക തൊഴിലാളികളുടെ ക്വാറന്റീന് വേണ്ടി തൊഴിലുടമ മുന്‍കൂട്ടി ഹോട്ടല്‍ ബുക്ക് ചെയ്യണം. കുവൈത്തില്‍ എത്തുന്നതിന് 72 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയ ഉടനെയും സ്രവ പരിശോധനയുണ്ടാകും.

ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകള്‍. ഇന്ത്യയില്‍ നല്‍കുന്നതാകട്ടെ കോവാക്‌സീനും കോവിഷീല്‍ഡും. കോവിഷീല്‍ഡും ആസ്ട്രസെനകയും ഒരേ ശ്രേണിയില്‍പെട്ടതാണ് എന്നതിനാല്‍ പ്രസ്തുത വാക്‌സിന് കുവൈത്ത് അംഗീകാരം നല്‍കുമെന്ന പ്രതീക്ഷയാണുള്ളത്. സര്‍ട്ടിഫിക്കറ്റില്‍ അത് സൂചിപ്പിക്കുംവിധം വിവരങ്ങള്‍ ചേര്‍ക്കാന്‍ അധികൃതരുടെ നിര്‍ദേശവുമുണ്ട്. സൗദിയും ഖത്തറും നേരത്തേ കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകാരം നല്‍കിയിരുന്നു. അതേസമയം, കോവാക്‌സിന്‍ എടുത്ത ആയിരക്കണക്കിന് പ്രവാസികള്‍ ഉണ്ട്. തങ്ങളുടെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് അവര്‍.

Most Popular