Saturday, May 15, 2021
Home Gulf Kuwait ഇന്ത്യക്കാരെ ഉള്‍പ്പെടെ തിരിച്ചുവരാന്‍ അനുവദിക്കുന്ന കാര്യം കുവൈത്ത് പരിഗണിക്കുന്നു

ഇന്ത്യക്കാരെ ഉള്‍പ്പെടെ തിരിച്ചുവരാന്‍ അനുവദിക്കുന്ന കാര്യം കുവൈത്ത് പരിഗണിക്കുന്നു

കുവൈത്ത്: യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരികെ വരുന്നതിന് അനുമതി നല്‍കുന്ന കാര്യം കുവൈത്ത് ആലോചിക്കുന്നു. സാമൂഹിക-സാമ്പത്തികകാര്യമന്ത്രി മറിയം അല്‍ അഖീല്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചു. കോവിഡ് വ്യാപനം കൂടിയതു മൂലമാണ് ഇന്ത്യയുള്‍പ്പെടെ 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ സ്വദേശങ്ങളില്‍ കുടുങ്ങിയ പതിനായിരങ്ങള്‍ കുവൈത്തില്‍ തിരിച്ചെത്താനുമുണ്ട്. അവരുടെ അസാന്നിധ്യം പല സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്. മൂന്നാമതൊരു രാജ്യത്ത് 14 ദിവസം താമസിച്ചാല്‍ കുവൈത്തിലേക്ക് പ്രവേശനം സാധ്യമാണെന്ന നിലപാട് സ്വീകരിച്ചുവെങ്കിലും വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്നാണു നിഗമനം. ഈ സാഹചര്യത്തില്‍ കുവൈത്തില്‍ തന്നെ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി വിദേശികള്‍ക്കു പ്രവേശനമെന്നതാണ് ഇപ്പോഴത്തെ ആലോചന.

യാത്രക്കാരന്റെ സ്വന്തം ചെലവിലാകും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍. ഹോട്ടല്‍ മേഖലയ്ക്ക് ഉത്തേജനമാകുന്നതുമാകും ഈ സംവിധാനമെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് മുക്തമെന്ന സര്‍ട്ടിഫിക്കറ്റുമായായിരിക്കണം കുവൈത്തില്‍ പ്രവേശിക്കേണ്ടത്. ആരോഗ്യവും കുവൈത്തിന്റെ സമ്പദ്ഘടനയും സംരക്ഷിക്കുന്ന രീതിയിലുള്ള നിലപാട് സ്വീകരിക്കുമെന്നാണു സൂചന.

Most Popular