കുവൈത്ത് സിറ്റി: ഭക്ഷ്യ വസ്തുക്കള്‍ ഡെലിവറി നടത്തന്നത് ബൈക്കുകളുടെ എണ്ണം കുറയ്ക്കാന്‍ ശക്തമായ നടപടിയുമായി കുവൈത്ത്. ഡെലിവറി നടത്തുന്ന ഒരു കമ്പനിക്ക് പരമാവധി 15 ബൈക്കുകള്‍ മാത്രമേ പാടുള്ളൂവെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഉത്തരവ് കാരണമായേക്കും.
ഉത്തരവിനെ തുടര്‍ന്ന് ആയിരത്തിലേറെ ബൈക്കുകളും ജീവനക്കാരുമുള്ള കമ്പനികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത്രയും പേര്‍ക്ക് കാര്‍ ലഭ്യമാക്കുന്നത് കമ്പനികളെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. ജീവനക്കാരില്‍ ഭൂരിഭാഗത്തിനും കാര്‍ ലൈസന്‍സും ഉണ്ടാവില്ല. വലിയ തുക നിക്ഷേപിച്ച് സ്വന്തമാക്കിയ ബൈക്കുകള്‍ ഉപേക്ഷിക്കേണ്ടിവരുന്നതും നഷ്ടമാണ്. പരിഷ്കരണം നടപ്പാക്കുന്നതിന് സാവകാശം വേണമെന്നാണ് കമ്പനികളുടെ ആവശ്യം.
നിരത്തുകളിലെ ഇരുചക്ര വാഹനങ്ങളുടെ ആധിക്യം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവ്. നിരത്തില്‍ ഡെലിവറി ബൈക്കുകള്ക്കെതിരായ പരാതികള്‍ ഏറിയ പശ്ചാത്തലത്തിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലൈസന്‍സ് ഇല്ലാതെയും സ്പോണ്സര്ക്ക് കീഴില്‍ അല്ലാതെയുമാണ് നിരവധി ഡെലിവറി ജീവനക്കാര്‍ ജോലിയെടുക്കുന്നത്.