കുവൈത്ത്: വിമാനത്താവളങ്ങള്‍ അടച്ചിടുകയും 34 രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രാ വിലക്കും കാരണം കുവൈത്തിന് 10 കോടി ദിര്‍ഹത്തിന്റെ (2400 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടായതായി കുവൈത്ത് ട്രാവല്‍ ആന്റ് ടൂറിസം ബ്യൂറോ അംഗം അബ്ദുല്‍ റഹ്മാന് അല്‍ ഖറാഫി ആരോപിച്ചു. 16,000 പ്രവാസികള്‍ മടങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും വിമാനത്താവളങ്ങള്‍ തുറക്കുന്നത് കുവൈത്തിനെ സാമ്പത്തികമായി സഹായിക്കുമെന്നും അല്‍ ഖറാഫി അല്‍ ഖബസ് ദിനപ്പത്രത്തോട് പറഞ്ഞു. വിലക്ക് ഒഴിവാക്കിയിരുന്നെങ്കില്‍ വ്യോമഗതാഗതം, ഹോട്ടല്‍, റസ്റ്റോറന്റ് എന്നീ മേഖലകളിലും ആരോഗ്യ മേഖലയിലും വരെ വന്‍തോതില്‍ പണമെത്തുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ വിഭാഗം അധികൃതരെടുത്ത ഈ തീരുമാനം രാജ്യത്തെ സാമ്പത്തിക ദുരന്തത്തലേക്ക് എത്തിച്ചതായും വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ കുവൈത്തിലേക്ക് വരുന്നവര്‍ അയല്‍ രാജ്യങ്ങളില്‍ ക്വാറന്റീനില്‍ കഴിയുമ്പോള്‍ വിമാന യാത്ര, താമസം, ആരോഗ്യ ചെലവുകള്‍ തുടങ്ങിയവക്കായി ശരാശരി 600 കുവൈത്തി ദിനാര്‍ അവിടെ ചെലവഴിക്കുന്നുണ്ട്.