കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. പത്രിക സമര്‍പ്പണം ഏഴുദിവസം പിന്നിട്ടപ്പോള്‍ 306 പുരുഷന്മാരും 28 സ്ത്രീകളും ഉള്‍പ്പെടെ ഇതുവരെ 333 പേരാണ് മത്സരിക്കാന്‍ മുന്നോട്ടുവന്നത്. ഒരാള്‍ പത്രിക പിന്‍വലിച്ചു.
ഒക്ടോബര്‍ 26നാണ് പത്രിക സ്വീകരിച്ചുതുടങ്ങിയത്. ഇന്നലെ ഒരു വനിത ഉള്‍പ്പെടെ 18 പേര് പത്രിക നല്കി. ഡിസംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് ഏഴുദിവസം മുമ്പ് വരെ പിന്‍വലിക്കാം. ശുവൈഖിലെ ഖവാല ഗേള്‍സ് സ്കൂളില്‍ ആണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ മാത്രമേ സ്ഥാനാര്‍ത്ഥിത്വം അനുവദിക്കൂ. അപേക്ഷയോടൊപ്പം ഓരോ സ്ഥാനാര്‍ത്ഥിയും 50 ദീനാര്‍ കെട്ടിവെക്കണം. 30 വയസ്സ് പൂര്‍ത്തിയായ കുവൈത്ത് പൗരന്മാര്ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമുള്ളത്. അറബി ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തുണ്ടായിരിക്കണം, ക്രിമിനല്‍ പശ്ചാത്തലമുണ്ടാകരുത് തുടങ്ങിയ നിബന്ധനകളും ഉണ്ട്. അഞ്ചു നിയോജകമണ്ഡലങ്ങളില്‍ നിന്നായി അമ്പതുപേരാണ് നാഷനല്‍ അസംബ്ലിയില്‍ ജനപ്രതിനിധികളായി എത്തുക.