Thursday, September 23, 2021
Home Gulf Kuwait കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്: സഫ അല്‍ ഹാഷിമിന് കനത്ത പരാജയം; മത്സരിച്ച വനിതകളില്‍ ആരും വിജയിച്ചില്ല

കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്: സഫ അല്‍ ഹാഷിമിന് കനത്ത പരാജയം; മത്സരിച്ച വനിതകളില്‍ ആരും വിജയിച്ചില്ല

കുവൈത്ത്: പതിനാറാമത് കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി 50 പേരാണ് വിജയിച്ചത്. ഓരോ മണ്ഡലത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന പത്തു പേരാണ് വിജയിക്കുക.തിരഞ്ഞെടുപ്പില്‍ 29 വനിതകള്‍ മത്സരിച്ചെങ്കിലും ആരും ജയിച്ചില്ല.

കുവൈത്തില്‍ വിദേശികള്‍ക്ക് എതിരെ പ്രസ്താവനകള്‍ നടത്തി വിവാദ നായികയായി മാറിയ സഫ അല്‍ ഹാഷിമിനു തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം. മൂന്നാം മണ്ഡലത്തില്‍ നിന്ന് നാലാം തവണ ജനവിധി തേടിയ ഇവര്‍ ഇത്തവണ പരാജയപ്പെട്ടെന്ന് മാത്രമല്ല ഏറ്റവും അധികം വോട്ടുകള്‍ നേടിയ സ്ഥാനാര്‍ഥികളേക്കാള്‍ ബഹുദൂരം പിന്നിലുമായി. 2012 മുതല്‍ തുടര്‍ച്ചയായി ഇതേ മണ്ഡലത്തില്‍ നിന്നും മൂന്നു തവണ വിജയിച്ചു വന്ന സഫ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്.

2012ല്‍ 2,622 വോട്ടും 2013ല്‍ 2,036 വോട്ടും 2016 ല്‍ 3,273 വോട്ടും നേടി പാര്‍ലമെന്റില്‍ എത്തിയ ഇവര്‍ക്ക് ഇത്തവണ ആയിരം വോട്ടുകള്‍ പോലും തികക്കാനായില്ല. കഴിഞ്ഞ പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട ഏക വനിതാ അംഗം കൂടിയായിരുന്നു സഫാ അല്‍ ഹാഷിം. വിദേശികള്‍ക്ക് ശ്വസിക്കുന്ന വായുവിനും ഉപയോഗിക്കുന്ന വഴികള്‍ക്കും വരെ നികുതി ചുമത്തണമെന്ന് അടക്കമുള്ള വിവാദ പ്രസ്താവനകള്‍ നടത്തി അന്താരാഷ്ട്ര തലത്തില്‍വരെ ഏറെ കുപ്രസിദ്ധി നേടിയിരുന്നു സഫ. രാജ്യത്തെ ഗതാഗതക്കുരുക്കിന് വിദേശികളാണ് കാരണക്കാരെന്നും ഇക്കാരണത്താല്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വിദേശി ജനസംഖ്യ കുറക്കാനും വിദേശികള്‍ക്ക് പ്രത്യേക നികുതി ചുമത്താനും ആവശ്യപ്പെട്ട്ുകൊണ്ട് ഇവര്‍ നിരവധി തവണ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കൊറോണ കാലത്ത് വിദേശികള്‍ക്ക് സൗജന്യ വൈദ്യസഹായം അനുവദിക്കുന്നതിനെതിരെയും ഇവര്‍ രംഗത്ത് വന്നു.

അതേസമയം കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് വോട്ടെടുപ്പ് നടന്നത്. കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക പോളിങ്ങ് ബൂത്തുകള്‍ ഒരുക്കിയിരുന്നു. കോവിഡ് പകര്‍ച്ചവ്യാധി ഉണ്ടായിരുന്നിട്ടും വോട്ടര്‍മാരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. 2016 ന് ശേഷം ആദ്യമായാണ് കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

Most Popular