കുവൈത്തിൽ വാണിജ്യ വിമാന സര്‍വീസുകളുടെ രണ്ടാം ഘട്ടം ഉടന്‍ ഉണ്ടാവില്ല

kuwait international airport

കുവൈത്ത് സിറ്റി: വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ഉണ്ടാവില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നത് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി. രാജ്യത്തേക്ക് വരുന്ന വാണിജ്യ വിമാന സര്‍വീസുകളുടെ എണ്ണം പരമാവധി കുറക്കാനും മന്ത്രിസഭ വ്യോമയാന വകുപ്പിനു നിര്‍ദേശം നല്‍കി. രാജ്യത്ത് എത്തുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും മന്ത്രിസഭ ഉത്തരവിട്ടു.

ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് പലരാജ്യങ്ങളിലും പടരുന്ന സാഹഹചര്യത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ അനുസരിച്ചാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയ വാണിജ്യ വിമാന സർവീസുകൾ കഴിഞ്ഞ ആഗസ്ത് ഒന്നിന് പുനരാരംഭിച്ചെങ്കിലും പരിമിതമായ തോതിൽ മാത്രമാണ് സർവീസുകൾ ഉള്ളത് . നാല് ഘട്ടങ്ങളായി സർവീസുകളുടെ എണ്ണം വർധിപ്പിച്ചുപ്രവർത്തനം പൂർണതോതിൽ ആക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത് . ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പരിമിതശേഷിയിൽ തന്നെ തുടരാന്നാണു തീരുമാനം.  പുതിയ കൊറോണ വൈറസ് വേരിയന്റിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി കുവൈത്ത് വിദേശ വിദേശ യാത്രക്കാരുടെ എണ്ണത്തില്‍ 80 ശതമാനം കുറഞ്ഞ് 1,000 ആയി കുറച്ചു.