Tuesday, May 11, 2021
Home Gulf Kuwait കുവൈത്തിലെ ഫിലിപ്പീനോ തൊഴിലാളിയുടെ മരണത്തില്‍ സുപ്രധാന വിധി

കുവൈത്തിലെ ഫിലിപ്പീനോ തൊഴിലാളിയുടെ മരണത്തില്‍ സുപ്രധാന വിധി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫിലിപ്പീന്‍സ് ഗാര്‍ഹികത്തൊഴിലാളിയുടെ മരണത്തിന് കാരണക്കാരിയായ സ്വദേശി വനിതക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഇവരുടെ ഭര്‍ത്താവിന് കുറ്റം മറച്ചുവെച്ചതിന് നാലുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനും കോടതി ഉത്തരവിട്ടു. കൃത്യം നടന്നു ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ക്രിമിനല്‍ കോടതിയുടെ സുപ്രധാന വിധിവന്നത്.

2019 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം.  ഗാര്‍ഹികത്തൊഴിലാളിയായിരുന്ന  ജീന്‍ലിന്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പീനോ യുവതി ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെടുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്‌പോണ്‍സര്‍ തന്നെയാണ് ഇവരെ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, പരിശോധനയില്‍ ഇവര്‍ക്ക് മര്‍ദനമേറ്റതായി കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

ഗാര്‍ഹികത്തൊഴിലാളിയുടെ മരണത്തെ തുടര്‍ന്ന് ജനുവരി മൂന്നിന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് നിര്‍ത്തിവെച്ചിരുന്നു. നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുകയായിരുന്നു. കേസില്‍ ഫിലിപ്പീന്‍സ് എംബസിക്കുവേണ്ടി ഹാജരായ അഭിഭാഷകനും ഇരക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ച കോടതിക്കും ഫിലിപ്പീന്‍സ് സ്ഥാനപതി മുഹമ്മദ് നൂര്‍ദിന്‍ പെന്‍ഡോസിന നന്ദി അറിയിച്ചു.

Most Popular