Tuesday, April 13, 2021
Home Gulf Kuwait ദുബൈ വഴി കുവൈത്തിലേക്ക് മടങ്ങാനുള്ള ശ്രമവുമായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍; പാക്കേജ് അവതരിപ്പിച്ച് ട്രാവല്‍ ഏജന്‍സികളും

ദുബൈ വഴി കുവൈത്തിലേക്ക് മടങ്ങാനുള്ള ശ്രമവുമായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍; പാക്കേജ് അവതരിപ്പിച്ച് ട്രാവല്‍ ഏജന്‍സികളും

കുവൈത്ത് സിറ്റി: അവധിക്ക് പോയി നാട്ടില്‍ കുടുങ്ങിയ കുവൈത്ത് പ്രവാസികള്‍ ദുബൈ വഴി മടങ്ങാനുള്ള ശ്രമത്തില്‍. ഇന്ത്യയടക്കം 31 രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്കുണ്ട്. വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ചതിന് ശേഷം പിസിആര്‍ പരിശോധന നടത്തിയ ശേഷം കുവൈത്തിലേക്ക് മടങ്ങാനാവും. ഇത് ഉപയോഗപ്പെടുത്തി വരാനാണ് ആളുകള്‍ ശ്രമിക്കുന്നത്.

വിവിധ ട്രാവല്‍ ഏജന്‍സി ഇതിനായി പാക്കേജുകള്‍ അവതരിപ്പിക്കുന്നുണ്ട്. ദുബൈയില്‍ ക്വാറന്റീനില്‍ കഴിയുന്നതിന് 160 ദീനാര്‍ മുതല്‍ 230 ദീനാര്‍ വരെയാണ് ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നത്. സന്ദര്‍ശക വിസയും ഇന്‍ഷുറന്‍സും പ്രഭാത ഭക്ഷണം മാത്രം ഉള്‍പ്പെടുത്തിയ ഹോട്ടല്‍ സൗകര്യവും കോവിഡ് പരിശോധനയും അടക്കമാണ് ഈ തുക. ടൂറിസ്റ്റ് സന്ദര്‍ശക വിസയിലാണ് യാത്ര. വിമാന ടിക്കറ്റ് സ്വന്തം നിലക്ക് എടുക്കണം. 16 രാത്രിയും 17 പകലും വരുന്ന പാക്കേജില്‍ നാട്ടില്‍നിന്ന് ആളുകള്‍ ഇതിനകം ദുബൈയിലേക്ക് പോയിത്തുടങ്ങിയിട്ടുണ്ട്.

ക്വാറന്റീന്‍ കഴിഞ്ഞാല്‍ സ്വന്തം നിലക്ക് ടിക്കറ്റ് എടുത്ത് കുവൈത്തിലേക്ക് വരാം. ഇതിന്റെ ഒരു ഉത്തരവാദിത്തവും ട്രാവല്‍ ഏജന്‍സികള്‍ ഏറ്റെടുക്കുന്നില്ല. അഞ്ചുമാസത്തിലേറെയായി നാട്ടില്‍ കുടുങ്ങിയ നിരവധി പ്രവാസികളാണ് ഏതുവിധേനയും കുവൈത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നത്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ കുവൈത്ത് ഉടനെയൊന്നും നീക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.

Most Popular