Monday, July 26, 2021
Home Gulf Kuwait പോലിസിനെ ആക്രമിച്ച് സുഹൃത്തുക്കളെ രക്ഷിച്ചു; കുവൈത്തില്‍ 10 യുവാക്കള്‍ അറസ്റ്റില്‍

പോലിസിനെ ആക്രമിച്ച് സുഹൃത്തുക്കളെ രക്ഷിച്ചു; കുവൈത്തില്‍ 10 യുവാക്കള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ സുഹൃത്തിനെ രക്ഷിക്കാന്‍ കുവൈത്തില്‍ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 10 യുവാക്കള്‍ അറസ്റ്റില്‍. നിയമവിരുദ്ധമായി വാഹനം ഓടിച്ച യുവാവിനെ നിയമ നടപടിയില്‍ നിന്ന് രക്ഷിക്കാനായിരുന്നു പത്തംഗം സംഘത്തിന്റെ അതിക്രമം.

അമിതമായ ശബ്ദം പുറപ്പെടുവിക്കുന്ന തരത്തില്‍ പുകക്കുഴലിന് മാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ട്രാഫിക് പോലിസ് ഉദ്യോഗസ്ഥര്‍ ഒരു വാഹനത്തെ പിന്തുടര്‍ന്നത്. വാഹനമോടിച്ചിരുന്നയാള്‍ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റിലെ ഒരു പെട്രോള്‍ പമ്പിലേക്ക് പ്രവേശിച്ചതോടെ ഉദ്യോഗസ്ഥന്‍ സമീപത്തേക്കു ചെന്നു. എന്നാല്‍, യുവാവ് പരിസരത്തുണ്ടായിരുന്ന തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടുകയായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് പോലിസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച ശേഷം രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് കൂടുതല്‍ ഉദ്യോഗസ്ഥരെത്തി. പെട്രോള്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളുടെ നമ്പറുകളും പിന്തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥന്‍ തന്റെ തിരിച്ചറിയല്‍ രേഖ കാണിച്ചില്ലെന്നും അതുകൊണ്ടാണ് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നുമാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്. ഇവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. വാഹനങ്ങള്‍കസ്റ്റഡിയിലെടുത്ത് പൊലീസ് ഗ്യാരേജിലേക്ക് മാറ്റി.

കുവൈത്തില്‍ ഒരാഴ്ച മുമ്പ് പട്ടാപ്പകല്‍ ട്രാഫിക് പോലിസുകാരനെ അക്രമി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് പുതിയ സംഭവം.

Most Popular