Friday, May 14, 2021
Home Gulf Kuwait വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നൽകുന്നുണ്ടെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നൽകുന്നുണ്ടെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ എഴുനൂറോളം അധ്യാപകര്‍ക്ക് കഴിഞ്ഞ 10 മാസമായി ശമ്പളം നല്‍കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദാഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശമ്പളം നല്‍കുന്നത് നിര്‍ത്തുകയും നിര്‍ബന്ധിത സാഹചര്യത്തില്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി കണക്കാക്കുകയും ചെയ്യണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും നിര്‍ദേശം ഇത് വരെ നടപ്പിലാക്കിയിട്ടില്ല.

കുവൈറ്റിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംയോജിത പൊതുപ്രവര്‍ത്തന പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്നതിനായി സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തി പ്രാരംഭഘട്ടത്തില്‍ നിന്ന് ഉന്നതതലങ്ങളിലേക്ക് വിദ്യാഭ്യാസ മേഖല വികസിപ്പിക്കുന്നതിനും വിവിധ സ്പെഷ്യലൈസേഷനുകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ ഈ നിര്‍ദ്ദേശം. രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധി കുറഞ്ഞ് ജീവിതം സാധാരണ നിലയിലേക്ക് ഉടന്‍ എത്തുമെന്നും യോഗത്തില്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Most Popular