Sunday, June 20, 2021
Home Gulf സൗദിയിലെ തൊഴില്‍, വിസാ നിയമലംഘനം; 20 മലയാളികള്‍ ഉള്‍പ്പടെ 290 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

സൗദിയിലെ തൊഴില്‍, വിസാ നിയമലംഘനം; 20 മലയാളികള്‍ ഉള്‍പ്പടെ 290 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

റിയാദ്: തൊഴില്‍, വിസാ നിയമ ലംഘനങ്ങളില്‍ പിടിക്കപ്പെട്ട് റിയാദിലെ തര്‍ഹീല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 20 മലയാളികളടക്കം 290 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി. ഇനി 400ഓളം പേര്‍ കൂടി റിയാദിലെ കേന്ദ്രത്തില്‍ ബാക്കിയുണ്ട്. ഇവരെയും വരും ദിവസങ്ങളില്‍ നാട്ടിലയക്കും.

ഇതോടെ കോവിഡ് ആരംഭിച്ചതിന് ശേഷം സൗദിയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണം 2971 ആയി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്കാണ് ഇന്നലെ അവസാന സംഘം പോയത്. റിയാദില്‍ നിന്ന് രാവിലെ 10ഓടെ പുറപ്പെട്ട ഇവര്‍ രാത്രിയോടെ ഡല്‍ഹിയിലെത്തി.

കോവിഡ്് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് ഇവരെല്ലാം സ്വദേശങ്ങളില്‍ എത്തിച്ചേരും. 20 മലയാളികളെ കൂടാതെ 11തമിഴ്നാട്ടുകാരും 15 ആന്ധ്രപ്രദേശുകാരും 22 ബിഹാര്‍ സ്വദേശികളും 116 ഉത്തര്‍പ്രദേശുകാരും 54 പശ്ചിമബംഗാള്‍ സ്വദേശികളും 18 രാജസ്ഥാനികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

അതേസമയം, റിയാദിലെ തര്‍ഹീലില്‍ ഇനി അവശേഷിക്കുന്നവരില്‍ മലയാളികളടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. നിയമലംഘകരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നത് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍, യൂസുഫ് കാക്കഞ്ചേരി, അബ്ദുല്‍ സമദ്, തുഷാര്‍ എന്നിവരാണ്.

ഇന്നലെ നാട്ടിലേക്ക് പോയവരില്‍ ഇഖാമ പുതുക്കാത്തവരും ഹുറൂബ് നിയമകുരുക്കിലായവരും തൊഴില്‍ നിയമലംഘനം നടത്തിയവരുമാണ് ഉള്ളത്. ഈ കുറ്റങ്ങള്‍ക്ക് പിടിയിലായവരാണ് തര്‍ഹീലില്‍ ബാക്കിയുള്ളതും.

കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ രാജ്യത്ത് നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ അധികൃതര്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ദിനംപ്രതി നിരവധി പ്രവാസികളാണ് പിടിയിലാകുന്നത്.

Most Popular