Saturday, June 12, 2021
Home Gulf സൗദിയില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍

സൗദിയില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍

റിയാദ് :സൗദിയില്‍ അടുത്ത വര്‍ഷം കൂടുതല്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുരുഷന്മാര്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉപയോഗിക്കാന്‍ വനിതകളെയും അനുവദിക്കുമെന്ന് സൂചനയുണ്ട്. പുരുഷന്മാര്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളുകളില്‍ വനിതകള്‍ക്കു പ്രത്യേക സമയം നിശ്ചയിച്ച് സൗദി വനിതാ ട്രെയിനര്‍മാരുടെ മേല്‍നോട്ടത്തിലാണ് വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുക.
ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകളില്‍ അനുഭവപ്പെടുന്ന കടുത്ത തിരക്കിന് ശമനം കാണുകയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേടാന്‍ അവര്‍ക്ക് അവസരമൊരുക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നത്.
2018 ജൂണ്‍ 24 നാണ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വന്നത്. അന്നു മുതല്‍ ഈ വര്‍ഷം ജനുവരി വരെ 1,74,624 വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചത് റിയാദ് പ്രവിശ്യയിലാണ്. സൗദിയില്‍ ആകെ അനുവദിച്ച വനിതാ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ 47.7 ശതമാനവും റിയാദ് പ്രവിശ്യയിലാണ് അനുവദിച്ചത്. രണ്ടാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 27.9 ശതമാനം ഡ്രൈവിംഗ് ലൈസന്‍സുകളും മൂന്നാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14.4 ശതമാനം ഡ്രൈവിംഗ് ലൈസന്‍സുകളും വനിതകള്‍ക്ക് അനുവദിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ റിയാദിലും ജിദ്ദയിലും ദമാമിലും മദീനയിലും തബൂക്കിലുമായി അഞ്ചു ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകളാണുള്ളത്. ഡ്രൈവിംഗ് ലൈസന്‍സ് നേടിയ വനിതകളില്‍ 84.8 ശതമാനം പേര്‍ സൗദി വനിതകളാണ്. രാജ്യത്ത് വനിതകളുടെ പക്കലുള്ള വിദേശ, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി പകരം സൗദി ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് 21 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Most Popular