ദോഹ: സംഗതി കോവിഡാണ്, ആളുകള്‍ കൂടിയിരിക്കുന്നതിന് തടസ്സമുണ്ട്. പണ്ടത്തെപ്പോലെ യോഗങ്ങള്‍ നടത്താന്‍ കഴിയില്ല.പക്ഷേ പ്രവാസം കോവിഡ് കാലത്തും നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍, ഏതുമായിക്കൊള്ളട്ടെ നാട്ടിലുള്ളതിനേക്കാള്‍ ആവേശമാണ് പ്രവാസത്തിന് ഇലക്ഷന് കാലത്ത്. കാലാകാലങ്ങളായി തങ്ങളോട് വിവിധ സര്‍ക്കാറുകള്‍ പുലര്‍ത്തിവരുന്ന അവഗണനയൊന്നും പ്രവാസികള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഗൗനിക്കാറില്ല. നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അതേ ചൂടിലാകും തെരഞ്ഞെടുപ്പ് കാലത്ത് പ്രവാസലോകവും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുകൂടി വരുന്നതിനാല്‍ ഏറെ പ്രധാന്യത്തോടെയാണ് സംഘടനകള്‍ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ്, മുസ്ലിംലീഗിന്റെ കെ.എം.സി.സി, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കള്‍ച്ചറല്‍ഫോറം, സി.പി.എമ്മിന്റെ സംസ്കൃതി, സി.പി.ഐയുടെ യുവകലാസാഹിതി, ബി.ജെ.പിയുടെ ഖത്തര്‍ ഇന്ത്യന്‍സ് അസോസിയേഷന് (ഒ.എഫ്.ഐ) തുടങ്ങിയ സംഘടനകള്‍ ഖത്തറില്‍ സജീവമാണ്.
ഇത്തവണ കോവിഡ് ആയതിനാല്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ വിളിക്കുക എന്നത് നടക്കാത്ത കാര്യമാണ്. എങ്കിലും രണ്ടു ദിവസത്തിനുള്ളില്‍തന്നെ ഓണ്‍ലൈനില്‍ പഞ്ചായത്ത് കമ്മിറ്റികളുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രചാരണം ശക്തിപ്പെടുത്താനാണ് സംഘടനകള്‍ ആലോചിക്കുന്നത്. ഓണ്‍ലൈന്‍ യോഗങ്ങളില്‍ നാട്ടിലെ നേതാക്കള്‍ സംബന്ധിക്കും. സമൂഹമാധ്യമങ്ങളില്‍ പുതിയ പ്രചാരണതന്ത്രങ്ങളും പ്രതീക്ഷിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനായി മാത്രം നാട്ടിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുന്നവരും ഏറെയായിരുന്നു. എന്നാല്‍ ഇത്തവണ അത് നടക്കാനുള സാധ്യത നിലവിലെ സാഹചര്യത്തില്‍ കുറവാണ്. നാട്ടില്‍പോയാല്‍ പിന്നെ ഖത്തറില്‍ തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏറെയാണ്. പോരാത്തതിന് നാട്ടിലെത്തിയാലുള്ള ക്വാറന്റീനും.
കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നാട്ടില്‍ ക്വാറന്റീന് വേണ്ട എന്ന കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിര്‍ദേശത്തില്‍ വ്യക്തത ഇനിയും വരേണ്ടതുണ്ട്. അത്തരത്തില്‍ കേരളത്തിലും ചട്ടം വന്നാല്‍ പലരും നാട്ടിലെത്തി വോട്ട് ചെയ്യാനും സാധ്യത ഏറെയാണ്.എന്നാല്‍ ഫോണിലൂടെ നാട്ടിലുള്ള തങ്ങളുടെ അനുകൂല വോട്ടുകള്‍ നേടിയെടുക്കാനുള്ള തന്ത്രത്തിനാണ് മിക്ക സംഘടനകളും കോപ്പുകൂട്ടുന്നത്. ഏതായാലും വരും നാളുകളില്‍ പ്രവാസലോകത്തും തെരഞ്ഞെടുപ്പിന്റെ പ്രചാരണക്കാറ്റ് വീശും, അതിന് ഓണ്‍ലൈനിന്റെ മാറ്റാകും കൂടുതലെന്ന് മാത്രം.