Saturday, May 15, 2021
Home Gulf Bahrain ലോക്ഡൗണ്‍ കാലത്തെ റീഫണ്ട്: യാത്രക്കാര്‍ക്ക് ഇപ്പോഴും ആശയക്കുഴപ്പം

ലോക്ഡൗണ്‍ കാലത്തെ റീഫണ്ട്: യാത്രക്കാര്‍ക്ക് ഇപ്പോഴും ആശയക്കുഴപ്പം

മനാമ: കോവിഡ് -19നെത്തുടര്‍ന്ന് വിമാന സര്‍വിസ് റദ്ദാക്കിയതിനാല്‍ യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാര്‍ ഇപ്പോഴും ആശയക്കുഴപ്പത്തില്‍. റീഫണ്ട് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കി സുപ്രീം കോടതിയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, വ്യവസ്ഥകള്‍ വ്യക്തമായി മനസ്സിലാക്കാത്തതിനാല്‍ പലരും റീഫണ്ട് ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തുന്നുണ്ട്.

റീഫണ്ട് സംബന്ധിച്ച് യാത്രക്കാരെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചത്. 1. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ മേയ് 24 വരെയുള്ള യാത്രക്ക് ഇതേ കാലയളവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍. 2. മേയ് 24 വരെയുള്ള യാത്രക്ക് ലോക്ഡൗണിനുമുമ്പ് ഏത് സമയത്തും ബുക്ക് ചെയ്തതും കോവിഡ് കാരണം റദ്ദായതുമായ ടിക്കറ്റുകള്‍. 3. മേയ് 24ന് ശേഷമുള്ള യാത്രകള്‍ക്ക് ഏത് സമയത്തും ബുക്ക് ചെയ്ത ടിക്കറ്റുകള്‍.

ഒന്നാം വിഭാഗത്തിലെ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും വിമാനക്കമ്പനികള്‍ തിരികെ നല്‍കണമെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടിക്കറ്റ് റദ്ദാക്കി മൂന്ന് ആഴ്ചക്കകം തുക തിരികെ നല്‍കണം. ഇതിന് കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കാന്‍ പാടില്ല. ട്രാവല്‍ ഏജന്റുമാര്‍ മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കില്‍ വിമാനക്കമ്പനികള്‍ ഏജന്റുമാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കണം. ഇത് കാലതാമസം കൂടാതെ ഏജന്റുമാര്‍ യാത്രക്കാര്‍ക്ക് കൈമാറണം.

രണ്ടാം വിഭാഗത്തിലുള്ള ടിക്കറ്റുകള്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതല്‍ (ഒക്‌ടോബര്‍ ഏഴ്) 15 ദിവസത്തിനകം റീഫണ്ട് നല്‍കാന്‍ വിമാനക്കമ്പനികള്‍ ശ്രമിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, വിമാനക്കമ്പനികള്‍ക്ക് സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ തുക യാത്രക്കാരുടെ പേരില്‍ ക്രെഡിറ്റ് ഷെല്ലിലേക്ക് മാറ്റാവുന്നതാണ്. ക്രെഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ച് യാത്രക്കാര്‍ക്ക് 2021 മാര്‍ച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. യാത്രക്കാരന് ഇഷ്ടമുള്ള ഏത് റൂട്ടിലേക്കും യാത്ര ചെയ്യുന്നതിനോ അല്ലെങ്കില്‍ ക്രെഡിറ്റ് ഷെല്‍ മറ്റൊരാള്‍ക്ക് കൈമാറാനോ സ്വാതന്ത്ര്യമുണ്ട്.

മൂന്നാം വിഭാഗത്തിലെ ടിക്കറ്റുകള്‍ക്ക് സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ്‌സ് (സി.എ.ആര്‍) വ്യവസ്ഥകള്‍ പ്രകാരമായിരിക്കും റീഫണ്ട്.വിമാന യാത്രയുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് airsewa.gov.in എന്ന വെബ്‌സൈറ്റ് വഴി പരാതി നല്‍കാം.

Most Popular