Tuesday, May 18, 2021
Home Gulf സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് എം.എ യൂസഫലി

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് എം.എ യൂസഫലി

ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. വിദ്വേഷ പ്രചാരണങ്ങളില്‍ പ്രകോപിതനാകാറില്ലെങ്കിലും 55,000 ത്തിലേറെ വരുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മനപ്രയാസമുണ്ടാക്കുന്ന വിഷയമായതിനാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം നിയമം തീരുമാനിക്കട്ടെ എന്നാണ് കരുതുന്നെന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തില്‍ യൂസഫലിയെ ബന്ധപ്പെടുത്തി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, അത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് തന്നെ പ്രസ്താവന ഇറക്കിയിരുന്നു.

‘ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല. നെഗറ്റീവ് പ്രചരിപ്പിക്കുക ചിലരുടെ ശീലമായിരിക്കാം. ഇന്ത്യക്കാര്‍ക്ക് അഭിപ്രായ സ്വാതന്ത്യമുണ്ട്.’

‘ഭരണഘടന അറിയുന്നവരുള്ള രാജ്യമാണ് നമ്മുടേത്. എങ്കിലും 30,000 മലയാളികളടങ്ങുന്ന സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമവഴി തേടുക തന്നെ ചെയ്യും. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എന്നതടക്കം ഒട്ടേറെ സ്ഥാനങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഒരു വ്യക്തിയെക്കുറിച്ച് എന്തും ചെയ്യാമെന്ന അഭിപ്രായക്കാരനല്ല ഞാന്‍. എല്ലാം കോടതിക്ക് വിട്ടുകൊടുക്കുന്നു.’, യൂസഫലി പറഞ്ഞു.

Most Popular