Tuesday, June 22, 2021
Home Gulf പതാകകളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ അനായാസം കണ്ടെത്തും; ലോക റെക്കോര്‍ഡ് നേടി ഖത്തറില്‍ നിന്നും മലയാളിയായ കൊച്ചു...

പതാകകളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ അനായാസം കണ്ടെത്തും; ലോക റെക്കോര്‍ഡ് നേടി ഖത്തറില്‍ നിന്നും മലയാളിയായ കൊച്ചു മിടുക്കന്‍

ദോഹ: പതാകകളെ അടിസ്ഥാനമാക്കി രാജ്യങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വേഗത്തില്‍ തിരിച്ചറിയുന്നതില്‍ ലോക റെക്കോര്‍ഡ് നേടി ശ്രദ്ധേയനാവുന്നു ഖത്തറില്‍ നിന്നുള്ള മലയാളി ബാലന്‍.

ദോഹ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കെജി -2 വിദ്യാര്‍ത്ഥിയായ അഞ്ചു വയസുകാരന്‍ ആബെല്‍ റോബി അബ്രഹാമാണ് ലോക റെക്കോര്‍ഡ് നേടിയത്. ആബെലിന് വെക്സിലോളജിയില്‍ (പതാകകളുടെ പഠനം) അതീവ താല്‍പ്പര്യമുണ്ട്.

കൂടാതെ വിവിധ രാജ്യങ്ങളുടെ പതാകകളും അവയുടെ ചരിത്രവും പരിചിതമാണ്. ലോക ഭൂപടത്തില്‍ എല്ലാ രാജ്യങ്ങളെയും പതാകകളെ അടിസ്ഥാനമാക്കി വളരെ വേഗത്തില്‍ തിരിച്ചറിയാന്‍ ഈ കൊച്ചു മിടുക്കന് കഴിയും. സൗരയൂഥത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ആബെലിന് നല്ല അറിവുണ്ട്.

ഖത്തറിലെ പൈപ്പ് നിര്‍മ്മാണ സ്ഥാപനത്തിലെ അക്കൗണ്ടന്റായ റോബി അബ്രഹാമിന്റെയും ഹമദ് ഹോസ്പിറ്റലിലെ നഴ്‌സായ സൗമിയ ജോര്‍ജിന്റെയും മകനാണ് ആബെല്‍. ആദം ജെറോജ് എന്ന ഇളയ സഹോദരനും ആബെലിനുണ്ട്.

ഖത്തറില്‍ ജനിച്ചു വളര്‍ന്ന ആബെല്‍ സ്‌കൂള്‍ തലത്തില്‍ നിരവധി ക്വിസ് മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. അധ്യാപകരായ സുധ മാരാര്‍, ഗോപിക ഷാമിജെ എന്നിവരാണ് ആബെലിന് പ്രോത്സാഹനങ്ങള്‍ നല്‍കുന്നത്.

Most Popular