
വിസിറ്റ് വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു; സംസ്കാരത്തിന് അനുമതി തേടി കുടുംബം
ദുബൈ: വിസിറ്റ് വിസയില്‍ ദുബൈയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങന്നൂര്‍ ആറാട്ടുപുഴ വള്ളോപ്പള്ളില്‍ ജോണ്‍ ഈപ്പന് (68) ആണ് അന്തരിച്ചത്. ഒരു മാസം മുമ്പ് ഇദേഹത്തെ കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. പിന്നീട് രോഗമുക്തി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഹൃദയാഘാതം മൂലം ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും വിസിറ്റ് വിസയില്‍ എത്തിയതിനാല്‍ ഇവിടെ മൃതദേഹം അടക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഭാര്യയും മക്കളും മരുമക്കളുമെല്ലാം ഇവിടെ ഉള്ളതിനാല്‍ ഇവിടെ സംസ്കാരം നടത്തണമെന്നാണ് വീട്ടുകാരുടെ ആഗ്രഹം.
അതേസമയം, ഇന്നു കൂടി സംസ്കാരത്തിന് അനുമതി ലഭിക്കാതിരുന്നാല്‍ പിന്നീട് അവധിദിനങ്ങളാകുമെന്നതും പ്രശ്നം സങ്കീര്‍ണമാക്കുന്നു. കാരുണ്യപൂര്‍വമായ അടിയന്തര നടപടി ഉണ്ടാകണമെന്ന അഭ്യര്‍ഥനയിലാണ് ഈ കുടുംബം. ഭാര്യ:സൂസന് ജോണ്‍. മക്കള്‍: അനൂപ, എമില്‍. മരുക്കള്: സജി സാം ബാബു, നീതു വര്‍ഗീസ്.