Wednesday, June 23, 2021
Home Gulf അല്‍ ജസീറ ചാനലിലെ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ഹാക്ക് ചെയ്തു; ഇസ്രായേല്‍ കമ്പനിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി മൈക്രോസോഫ്റ്റും...

അല്‍ ജസീറ ചാനലിലെ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ഹാക്ക് ചെയ്തു; ഇസ്രായേല്‍ കമ്പനിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി മൈക്രോസോഫ്റ്റും ഗൂഗിളും

ദോഹ: ഇസ്രായേല്‍ ഹാക്കിംഗ് കമ്പനിയായ എന്‍.എസ്.ഒയ്‌ക്കെതിറെ നിയമപോരാട്ടത്തിനൊരുങ്ങി മൈക്രോസോഫ്റ്റും ഗൂഗിളും. നിരവധി ടെക് കമ്പനികളും നിയമപോരാട്ടത്തിനൊപ്പമുണ്ട്.

ഇസ്രായേല്‍ കമ്പനി ‘ശക്തവും അപകടകരവുമായ’ നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ച് കമ്പനികള്‍ യു.എസ് അപ്പീല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് ഉടമസ്ഥതയിലുള്ള ഗൂഗിള്‍, സിസ്‌കോ, ഡെല്‍ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള വിഎംവെയര്‍, വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് അസോസിയേഷന്‍ എന്നിവരാണ് കേസ് നല്‍കിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്‍ ജസീറ ചാനലിലെ 36 പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ എന്‍.എസ്.ഒ ഹാക്ക് ചെയ്തതായി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടൊറന്റോ യൂണിവേഴ്സിറ്റിയിലെ സൈബര്‍ സുരക്ഷാ സ്ഥാപനമായ സിറ്റിസന്‍ ലാബിന്റെ ഇതുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ കഴിഞ്ഞ ദിവസം അല്‍ ജസീറ ചാനല്‍ തന്നെയാണ് ഡോക്യുമെന്ററിയിലൂടെ പുറത്തുവിട്ടത്.

ഇസ്രായേല്‍ കമ്പനിയും സൗദി അറേബ്യ, യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹാക്കിംഗ് സംഘങ്ങളുമാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്‍.എസ്.ഒ നിര്‍മിക്കുന്ന പെഗാസസ് എന്ന സ്‌പൈവെയറിന്റെ സഹായത്തോടെയാണ് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയത്. അതോടൊപ്പം സൗദി, യു.എ.ഇ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൊണാര്‍ക്കി, സ്‌നീക്കി കെസ്‌ട്രെല്‍ എന്നീ സോഫ്റ്റ് വെയറുകളും ഇതിനായി ഉപയോഗിച്ചു.

2019-ല്‍ അല്‍ ജസീസറയിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ താമര്‍ അല്‍ മിശ്ശലിന്റെ ഫോണ്‍ ഹാക്ക് ചെയ്തുകൊണ്ടാണ് തുടക്കം. സംശയം തോന്നിയ താമര്‍ തന്റെ ഫോണ്‍ ഇതേക്കുറിച്ചുള്ള പഠനത്തിനായി സൈബര്‍ സുരക്ഷാ സ്ഥാപനമായ സിറ്റിസന്‍ ലാബിന് കൈമാറുകയായിരുന്നു.

സ്‌പൈവെയറുകള്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തിയെന്നു മാത്രമല്ല, ഫോണിന്റെ കാമറയും മൈക്കുമെല്ലാം ഹാക്കര്‍മാര്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ വരെ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും സിറ്റിസന്‍ ലാബില്‍ നടത്തിയ നിരീക്ഷണത്തില്‍ വ്യക്തമായി. അല്‍ അറബിയ്യ ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകന്റെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍.എസ്.ഒയ്‌ക്കെതിരെ ടെക് കമ്പനികള്‍ നിയമനടപടി സ്വീകരിക്കുന്നത് ഇതാദ്യമല്ല. ലോകമെമ്പാടുമുള്ള 1,400-ല്‍ അധികം ആളുകളെ നിരീക്ഷിക്കുന്നതിനായി ജനപ്രിയ സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനില്‍ ഒരു ബഗ് ഉപയോഗപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് എന്‍.എസ്.ഒക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

Most Popular