Sunday, May 16, 2021
Home Gulf ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഖത്തറില്‍; പ്രവാസികള്‍ക്കും മന്ത്രിയുമായി സംസാരിക്കാം

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഖത്തറില്‍; പ്രവാസികള്‍ക്കും മന്ത്രിയുമായി സംസാരിക്കാം

ദോഹ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തും. ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റ്ഹമാന്‍ ആല്‍ഥാനിയുമായി ജയ്ശങ്കര്‍ കൂടിക്കാഴ്ച്ച നടത്തും. വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള ജയ്ശങ്കറിന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണ് ഇത്.

ഉഭയകക്ഷി പ്രശ്നങ്ങള്‍, പ്രാദേശിക, അന്തര്‍ദേശീയ താല്‍പ്പര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. കോവിഡ് കാലത്ത് ഇന്ത്യക്കാര്‍ക്ക് നല്‍കിയ പരിഗണനയില്‍ അദ്ദേഹം ഖത്തര്‍ ഭരണകൂടത്തോട് നന്ദി അറിയിക്കും. കോവിഡ് കാലത്ത് ഖത്തര്‍ അമീറും ഇന്ത്യന്‍ പ്രധാനമന്ത്രിയും മൂന്ന് തവണ ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ന് വൈകീട്ട് ഖത്തറിലെ ഇന്ത്യന്‍ സമൂഹവുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകീട്ട് 4.15 മുതല്‍ 5.30 വരെ ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് കൂടിക്കാഴ്ച.

Most Popular