Wednesday, June 16, 2021
Home Gulf ഖത്തറില്‍ നിലവാരമില്ലാത്ത മാസ്‌ക്കുകളും സ്റ്റെറിലൈസറുകളും പിടികൂടി

ഖത്തറില്‍ നിലവാരമില്ലാത്ത മാസ്‌ക്കുകളും സ്റ്റെറിലൈസറുകളും പിടികൂടി

ദോഹ: ഖത്തറില്‍ നിലവാരമില്ലാത്ത മാസ്‌ക്കുകളും സ്റ്റെറിലൈസറുകളും പിടികൂടി വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ കമ്പനികളും ഷോപ്പുകളും കേന്ദ്രീകരിച്ച് മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 68 ലംഘനങ്ങളാണ് അടുത്തിടെ രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ 61 ലംഘനങ്ങള്‍ പൊതുജനാരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാത്തവയാണ്. മറ്റ് ഏഴ് ലംഘനങ്ങള്‍ നിലവാരമില്ലാത്ത ഫെയ്സ് മാസ്‌ക്കുകളും സ്റ്റെറിലൈസറുകളും വില്‍ക്കുന്നതിനാണ്.

രാജ്യത്തെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ താല്‍പ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് പരിശോധനാ ക്യാമ്പെയ്നുകള്‍ നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് കൊവിഡിനെതിരായി പൊതുജനാരോഗ്യ മന്ത്രാലയവും മറ്റ് ആരോഗ്യ സംവിധാനങ്ങളും നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി എല്ലാവരും പാലിക്കണമെന്നും നിയമങ്ങള്‍ പാലിക്കാത്ത വിതരണക്കാരെ നിരീക്ഷിക്കുന്നതിനായി പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് 2008 ലെ നിയമ നമ്പര്‍ (8) ലംഘിക്കുന്നവര്‍ക്കെതിരെ 3,000 റിയാല്‍ മുതല്‍ ഒരു മില്യണ്‍ റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Most Popular