Friday, August 6, 2021
Home Gulf ഈ മാസം അഞ്ചിന് ദുബായിൽ വെച്ച് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ഈ മാസം അഞ്ചിന് ദുബായിൽ വെച്ച് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ദുബായ്: ദുബായിൽ നിന്ന് ഈ മാസം അഞ്ചിന് കാണാതായ മലയാളി യുവാവിനെ ഇയാൾ ജോലി ചെയ്തിരുന്ന സൂപ്പർമാർക്കറ്റിനടുത്ത് നിന്ന് കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫൈസൽ അബ്ദുൽ സലാമി(32)നെയാണ് ഇന്നലെ രാത്രി കണ്ടെത്തിയത്. സൂപ്പർ മാർക്കറ്റിനടുത്തുള്ള റോഡിലൂടെ മുഷിഞ്ഞ വസ്ത്രങ്ങളുമായി നടന്നുപോവുകയായിരുന്നു ഫൈസൽ. മറവിരോഗിയായ ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് ദിവസം എവിടെയായിരുന്നുവെന്ന് ഓർത്തെടുക്കാൻ ഫൈസലിന് കഴിയുന്നില്ല.

ഒരു വർഷം മുൻപാണ് ഫൈസൽ യുഎഇയിലെത്തിയത്. ഓർമക്കുറവിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അടുത്തിടെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ലഭിക്കുകയും ചെയ്തു. പത്ത് ദിവസം മുൻപ് മരുന്ന് തീർന്നതിന് ശേഷം ഫൈസൽ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഖിസൈസിലെ താമസസ്ഥലത്ത് നിന്ന് അഞ്ചാം തീയതി സൂപ്പർ മാർക്കറ്റിലെത്തിയ ഫൈസൽ ഉച്ചക്ക് ആശുപത്രിയിൽ പോകാനുണ്ടെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി. പിന്നീട് സൂപ്പർമാർക്കറ്റിലേക്കോ താമസസ്ഥലത്തോ തിരിച്ചെത്തിയില്ല. ഫൈസലിനെ ഉടൻ നാട്ടിലേയ്ക്ക് കൊണ്ടുപോകും.

Most Popular