Sunday, June 20, 2021
Home Gulf കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഖത്തര്‍; 55 പേരെ കൂടി പിടികൂടി

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഖത്തര്‍; 55 പേരെ കൂടി പിടികൂടി

ദോഹ: ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോളുകളുടെ ഗുരുതര ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നിയമ ലംഘകര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.

രാജ്യത്ത് പരിശോധനകള്‍ വ്യാപിപ്പിച്ചതോടെ നിയമ ലംഘകരെ കണ്ടെത്താനും അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും സാധിച്ചിട്ടുണ്ട്. ഇന്ന് 55 പേരെ കൂടി നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഇവര്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി.

നിയമ ലംഘകരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. അതേസമയം, വാഹനത്തില്‍ അനുവദിച്ചിട്ടുള്ള പരമാവധി ആളുകളുടെ എണ്ണം ലംഘിച്ചതായി ഒരു കേസുപോലും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഖത്തര്‍ നടപ്പാക്കിയിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ചിലതിന് ഇളവുകള്‍ അനുവദിച്ചിരുന്നെങ്കിലും പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ പോലുള്ള നടപടികള്‍ ഇനിയും തുടരണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിയിരുന്നു.

എന്നാല്‍ അധികൃതരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ടാണ് രാജ്യത്ത് ഗുരുതര നിയമ ലംഘനങ്ങള്‍ നടക്കുന്നത്. പിടിക്കപ്പെടുന്നവര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്

Most Popular