Sunday, May 16, 2021
Home Gulf ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ അനുമതി നല്‍കി; ഈ മാസം മുതല്‍ വിതരണം

ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ അനുമതി നല്‍കി; ഈ മാസം മുതല്‍ വിതരണം

ദോഹ: കോവിഡ് പ്രതിരോധ വാക്സിനായ ഫൈസര്‍-ബയോഎന്‍ടെക് അടിയന്തിര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് വാക്സിന്റെ ഉപയോഗത്തിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഫാര്‍മസി, ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ വകുപ്പ് വാക്‌സിനിനെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തുകയും ക്ലിനിക്കല്‍ പഠന ഫലങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തതിനു ശേഷമാണ് ഫൈസര്‍-ബയോഎന്‍ടെക് വാക്സിന്റെ വിതരണത്തിന് അനുമതി നല്‍കിയത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഖത്തര്‍ വിലയിരുത്തി. മന്ത്രാലയം കരാര്‍ നല്‍കിയ രണ്ട് വാക്‌സിനുകളില്‍ ഒന്നാണ് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍.

അമേരിക്കന്‍ ബഹുരാഷ്ട്ര മരുന്നു കമ്പിനിയായ ഫൈസറും ജര്‍മ്മന്‍ ബയോടെക്നോളജി കമ്പിനിയായ ബയോഎന്‍ടെക് ചേര്ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. വാക്സിന്റെ ആദ്യ ബാച്ച് ഇന്ന് ഖത്തറിലെത്തും.

ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ 95 ശതമാനം കോവിഡ് പ്രതിരോധം ഉറപ്പു നല്‍കുമെന്ന് കോവിഡ് സംബന്ധിച്ച നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധികളുടെ മേധാവിയുമായ ഡോ. അബ്ദുല്ലതിഫ് അല്‍ ഖാല്‍ പറഞ്ഞു.

‘ഈ മാസം തന്നെ ഖത്തറില്‍ വാക്‌സിന്‍ നല്‍കി തുടങ്ങും. ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ 2021 ലും തുടരും. വാക്‌സിന്‍ ലഭിച്ചാലും കൊവിഡിനെതിരായ മുന്‍കരുതലുകള്‍ തുടരണം. വാക്‌സിന്‍ ലഭിച്ചവരും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.’, അല്‍ ഖാല്‍ കൂട്ടിച്ചേര്‍ത്തു.

Most Popular