Sunday, June 13, 2021
Home Gulf സൗദിയില്‍ 120-ലധികം അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ഉന്നതര്‍ അറസ്റ്റില്‍

സൗദിയില്‍ 120-ലധികം അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ഉന്നതര്‍ അറസ്റ്റില്‍

റിയാദ്: സൗദി അഴിമതി വിരുദ്ധ അതോറിറ്റി പുതിയ 120-ലധികം സാമ്പത്തിക അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ഓഫീസുകള്‍, ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നത്. ഉന്നതര്‍ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക വഞ്ചന, കൈക്കൂലി, അഴിമതി എന്നീ വകുപ്പുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മുനിസിപ്പാലിറ്റി ജീവനക്കാരനെതിരായ അഴിമതി കേസില്‍ പ്രതിക്കനുകൂലമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് നസഹ ജീവനക്കാരന്‍ ഉള്‍പ്പെടെ അഴിമതി വിരുദ്ധ അതോറിറ്റി ജീവനക്കാരെ തന്നെ അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ ക്രമരഹിതമായി 169 മില്യണ്‍ റിയാലിന്റെ പ്രവൃത്തികള്‍ നടത്തിയതിന് ഒരു ന്യായാധിപന്‍, മുന്‍ ഷൂറാ കൗണ്‍സില്‍ അംഗം, ഗവര്‍ണറേറ്റിലെ മുന്‍ അണ്ടര്‍ സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന സംഘത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റൊരു കേസില്‍ 400 മില്യണ്‍ ഡോളര്‍ കൈപ്പറ്റിയതിന് ലെഫ്റ്റനന്റ് ജനറല്‍ റാങ്കുള്ള മുന്‍ ഉദ്യോഗസ്ഥന്‍, വിദേശ കരാര്‍ കമ്പനി ഡയറക്ടര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ രേഖകള്‍ ചോര്‍ത്തിയതിന് സര്‍വകലാശാല ഫാക്കല്‍റ്റി അംഗത്തെയും കോടതി ജീവനക്കാരനെയും മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Most Popular