Tuesday, May 11, 2021
Home Gulf മുസ്ലീം ലീഗ് നേതാവ് എം.സി മായിന്‍ ഹാജിക്കെതിരെ ഷാര്‍ജയില്‍ സാമ്പത്തിക തട്ടിപ്പിന് പരാതി

മുസ്ലീം ലീഗ് നേതാവ് എം.സി മായിന്‍ ഹാജിക്കെതിരെ ഷാര്‍ജയില്‍ സാമ്പത്തിക തട്ടിപ്പിന് പരാതി

ഷാര്‍ജ: മുസ്ലീം ലീഗ് നേതാവ് എം.സി മായിന്‍ ഹാജിക്കും മകനുമെതിരെ പണം തട്ടിപ്പ് കേസ്. അഞ്ചുകോടി രൂപ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് കണ്ണൂര്‍ സ്വദേശിയായ പ്രവാസിയാണ് മായിന്‍ ഹാജിക്കെതിരെ ഷാര്‍ജയില്‍ പരാതി നല്‍കിയത്. ലീഗ് നേതൃത്വത്തിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

എം.സി മായിന്‍ ഹാജിയും മകന്‍ എം.കുഞ്ഞാലിയും മരുമകന്‍ മുസ്തഫ മൊയ്തീനും ചേര്‍ന്ന് ഷാര്‍ജയില്‍ ലൈഫ് കെയര്‍ മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനം വാങ്ങിയിരുന്നു. ദുബൈയില്‍ ബിസിനസ് നടത്തുന്ന കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് 25 ലക്ഷം ദിര്‍ഹത്തിന് അതായത് അഞ്ചുകോടി ഇന്ത്യന്‍ രൂപയ്ക്കാണ് സ്ഥാപനം വാങ്ങിയത്.

മായിന്‍ ഹാജിയുടെ മകന്‍ എം.കുഞ്ഞാലി ഒപ്പിട്ട ചെക്കുകളാണ് കണ്ണൂര്‍ സ്വദേശിക്ക് നല്‍കിയത്. എന്നാല്‍ ചെക്കുകള്‍ ബാങ്കില്‍ നിന്ന് മടങ്ങി. ഇതിനിടെ കുഞ്ഞാലി ദുബൈയില്‍ നിന്ന് മുങ്ങുകയും ചെയ്തു.

സ്ഥാപനം വിറ്റ പണം ലഭിക്കുന്നതിനായി കണ്ണൂര്‍ സ്വദേശി പലതവണ മായിന്‍ ഹാജിയെ വിളിച്ചു. കാര്യമായ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് വിഷയം പാണക്കാട് തങ്ങള്‍ കുടുംബത്തെയും അറിയിച്ചു.

ഫോണിലൂടെയും മധ്യസ്ഥ ചര്‍ച്ചയിലൂടെയും പണം വേഗത്തില്‍ കൊടുത്തുതീര്‍ക്കാമെന്ന് മായിന്‍ ഹാജി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് കണ്ണൂര്‍ സ്വദേശി നിയമനടപടികളിലേക്ക് നീങ്ങിയത്.

ചെക്ക് മടങ്ങിയതിന്റെ കേസ് ഉളളതിനാല്‍ മായിന്‍ ഹാജിയുടെ മകന് നേരത്തേ തന്നെ യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. തട്ടിപ്പിനിരയായ കണ്ണൂരിലെ പ്രവാസി പരാതി നല്‍കിയ വിവരം മുസ്ലീംലീഗിനെ അറിയിച്ചിട്ടുണ്ട്.

Most Popular