Thursday, June 17, 2021
Home Gulf ഇറാനെതിരായ യു.എസ് ആക്രമണത്തെ അനുകൂലിക്കണമെന്ന് നെതന്യാഹു; മുഖം തിരിച്ച് സൗദി

ഇറാനെതിരായ യു.എസ് ആക്രമണത്തെ അനുകൂലിക്കണമെന്ന് നെതന്യാഹു; മുഖം തിരിച്ച് സൗദി

റിയാദ്: ഇറാനെതിരായ യു.എസ് ആക്രമണത്തെ അനുകൂലിക്കണമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം തള്ളി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.

കഴിഞ്ഞാഴ്ച നിയോമില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇറാനെതിരായ ആക്രമണത്തെ പിന്തുണയ്ക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നതായി സൗദി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇറാനെതിരായ യു.എസ് ആക്രമണത്തെ അനുകൂലിക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവില്‍ സൗദി.

അടുത്തിടെ സൗദിയുടെ എണ്ണശാലകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം സൗദിക്കെതിരായ ഇറാന്റെ നിഴല്‍യുദ്ധമായാണ് രാജ്യം കണക്കാക്കുന്നത്. കൂടാതെ ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതോടെ വിഷയത്തിലുള്ള യു.എസിന്റെ നിലവിലുള്ള നിലപാട് മാറാന്‍ സാധ്യതയുള്ളതായും സൗദി കരുതുന്നതായാണ് സൂചന.

അതിനാലാണ് ഇറാനെതിരെയുള്ള ആക്രമണത്തിന് സൗദി മുതിരാത്തതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാനുമായുള്ള ആണവ കരാറും സൗദി കിരീടവകാശിയുടെ തീരുമാനത്തിന് പ്രേരണയായിട്ടുണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, സൗദിയും യു.എസും തമ്മിലുള്ള നയതന്ത്ര ബന്ധം പഴയപോലെ തുടരുമെന്ന് ബൈഡനും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു.

ഇറാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍, മനുഷ്യാവകാശങ്ങളെ പരിഗണിക്കല്‍, വ്യാപാര ബന്ധം ഊഷ്മളമാക്കല്‍, ഭീകരതയെ നേരിടല്‍ എന്നിവയിലൂന്നിയുള്ള ചര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും സൗദി കിരീടാവകാശിയുമായി നടത്തിയത്.

Most Popular