Monday, September 27, 2021
Home Gulf വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് വിദേശയാത്ര ചെയ്യാനാവില്ല; പ്രവാസികളെ ആശങ്കയിലാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടം

വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് വിദേശയാത്ര ചെയ്യാനാവില്ല; പ്രവാസികളെ ആശങ്കയിലാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടം

അബൂദബി: വിസാ കാലാവധി കഴിഞ്ഞവരെ വിദേശയാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടം പുറത്തിറക്കി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാനൊരുങ്ങി നില്‍ക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ഇതോടെ ആശങ്കയിലായി.

മൂന്നു മാസമെങ്കിലും വിസാ കാലാവധി ബാക്കിയുള്ളവര്‍ക്ക് വിദേശത്തേക്ക് യാത്രാ അനുമതി നല്‍കിയാല്‍ മതി എന്നാണ് ജൂണ്‍ ഒന്നിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. വിസാ കാലാവധി കഴിഞ്ഞ റസിഡന്റ് വിസക്കാര്‍ക്ക് മടങ്ങിയെത്താമെന്ന് യുഎഇ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച്ച മുതല്‍ പ്രവാസികള്‍ക്ക് മടങ്ങാനുള്ള വിമാന സര്‍വീസും യുഎഇ ആരംഭിച്ചിരുന്നു. പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ ഈ വാര്‍ത്തയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിമയത്തെ തുടര്‍ന്ന് വഴിമുടക്കിയാകുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ ഓഫര്‍ ലെറ്റര്‍ ഉള്ളവരാണെങ്കില്‍ പോലും ഒരു മാസത്തെ വിസാ കാലാവധി നിര്‍ബന്ധമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് ഒന്നിനുശേഷം കാലാവധി അവസാനിച്ച വിസയുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ യുഎഇയില്‍ തങ്ങാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കാലാവധി അവസാനിച്ച റെസിഡന്റ് വിസക്കാര്‍ നാട്ടിലാണെങ്കിലും അവര്‍ക്ക് മടങ്ങിവരാമെന്നും അറിയിച്ചിരുന്നു. ഇതോടെ നിരവധി പ്രവാസി കുടുംബങ്ങളാണ് യുഎഇയിലേക്ക് മടങ്ങാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചത്.

പുതിയ വിസ അനുവദിക്കുന്നത് യുഎഇ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ പഴയ വിസയില്‍ ഇവിടെ എത്താമെന്ന മോഹമാണ് ഇതോടെ ഇല്ലാതാകുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ നോട്ടിഫിക്കേഷന്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വിഷയം കേന്ദ്ര സര്‍ക്കാരുമായി സംസാരിക്കുമെന്നും ദുബയ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ ഇത് എങ്ങിനെ നടപ്പിലാക്കുമെന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓണ്‍ലൈനില്‍ പ്രത്യേക അപേക്ഷ നല്‍കി അംഗീകാരം ലഭിക്കുന്നവര്‍ക്കാണ് നിലവില്‍ യുഎഇ സര്‍ക്കാര്‍ മടങ്ങാന്‍ അനുമതി നല്‍കുന്നത്. ആയിരക്കണക്കിന് മലയാളികള്‍ ഈ രീതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്. ഇതില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ നിരവധിയാണ്. പുതിയ സാഹചര്യത്തില്‍ യുഎഇയുടെ അനുമതി ലഭിച്ചാലും കേന്ദ്രത്തിന്റെ വിലക്കുള്ളത് കാരണം മടങ്ങാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

New Indian visa validity rule compounds woes of UAE residents stranded in India


 

Most Popular