Sunday, June 20, 2021
Home Gulf ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം; യാത്രക്കാര്‍ക്ക് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഖത്തര്‍

ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം; യാത്രക്കാര്‍ക്ക് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഖത്തര്‍

ദോഹ: ബ്രിട്ടനില്‍ കോവിഡ് 19 ന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു പൂട്ടുകയും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ യു.കെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഖത്തര്‍ ഇതുവരെ പ്രത്യേക നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. അബ്ദുല്ലതിഫ് അല്‍ ഖാല്‍ അറിയിച്ചു. ഇന്നലെ ദോഹയില്‍ ആരോഗ്യമന്ത്രാലയം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യു.കെയില്‍ നിന്ന് വരുന്ന യാത്രക്കാരെ സംബന്ധിച്ച നടപടിക്രമങ്ങളില്‍ നിലവില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അല്‍ ഖാല്‍ വ്യക്തമാക്കി.

അതേസമയം, കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള റീ എന്‍ട്രി വ്യവസ്ഥകള്‍
യു.കെയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്കും ബാധകമാണെന്നും അല്‍ ഖാല്‍ പറഞ്ഞു. യു.കെ നിലവില്‍ ഹൈ റിസ്‌ക് പട്ടികയില്‍പ്പെട്ട രാജ്യമാണ്.

ഖത്തറിന്റെ ട്രാവല്‍ ആന്റ് റിട്ടേണ്‍ പോളിസി അനുസരിച്ച്, ഹൈ റിസ്‌ക് പട്ടികയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഒരാഴ്ചത്തേക്ക് സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

യാത്രയ്ക്ക് മുമ്പ് കൊവിഡ് പരിശോധന നടത്തുകയും ഖത്തറില്‍ പ്രവേശിച്ച ശേഷം ആറാമത്തെ ദിവസം പരിശോധന വീണ്ടും നടത്തുകയും കൊവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുകയും വണം.

രാജ്യം നടപ്പാക്കുന്ന ഇത്തരം നടപടികള്‍ വൈറസ് വ്യാപനത്തെ ചെറുക്കുമെന്നും വിദേശത്തു നിന്നും എത്തുന്നവരിലൂടെ രോഗം വ്യാപിക്കാനുള്ള സാധ്യതയെ ചെറുക്കുമെന്നും അല്‍ ഖാല്‍ വ്യക്തമാക്കി.

ബ്രിട്ടനിലെ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് മുപ്പതിലധികം രാജ്യങ്ങളാണ് യു.കെയില്‍ നിന്നുള്ള യാത്രക്കാരെ നിരോധിക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തത്.

Most Popular